കൊച്ചി: മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിൽ ആശ്ചര്യം പ്രകടിപ്പിച്ച് ഹൈക്കോടതി. ഒന്നരവയസുള്ള മകളെ അമ്മ പീഡിപ്പിച്ചെന്ന് ഭർത്താവായിരുന്നു പരാതി നൽകിയത്. സംഭവത്തിൽ അമ്മയ്‌ക്ക് മുൻകൂർ ജാമ്യം അനുവദിച്ച കോടതി, വൈവാഹിക തർക്കങ്ങളുടെ പോക്ക് നാടിനാകെ നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് നിരീക്ഷിച്ചു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം.
ഭാര്യയും ഭർത്താവും തമ്മിൽ നാളുകളായി വൈവാഹിക തർക്കങ്ങളുണ്ടായിരുന്നു, ഇരുവരും തമ്മിലുള്ള പ്രശ്നം രൂക്ഷമായതോടെ കുഞ്ഞിന്റെ കസ്റ്റഡി സംബന്ധിച്ച് പരാതി ഉയരുകയും കേസെടുക്കുകയും ചെയ്തു. ഇതിനിടെയാണ് ഭാര്യക്കെതിരെ ഭർത്താവിന്റെ പുതിയ പരാതി ഉയർന്നത്. മുലകുടി മാറാത്ത പെൺകുഞ്ഞിനെ ഭാര്യ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഭർത്താവിന്റെ പരാതി. സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് പോക്സോ കേസെടുക്കുകയും ചെയ്തു. തുടർന്നാണ് യുവതി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
യുവതി കുഞ്ഞിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് മറ്റൊരു സ്ത്രീ പറഞ്ഞുവെന്നാണ് ഭർത്താവ് പരാതിയിൽ പറഞ്ഞിരുന്നത് എന്നതിനാൽ സംഭവത്തിൽ അവ്യക്തത നിലനിൽക്കുന്നതായി കോടതിയിൽ പൊലീസ് വിശദീകരണം നൽകുകയും ചെയ്തിരുന്നു. കൂടുതൽ അന്വേഷണം ആവശ്യമാണെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. ഈ സാഹചര്യത്തിൽ പരാതിക്കാരന്റെ വാക്കുകൾ അന്വേഷണ ഉദ്യോഗസ്ഥർ തന്നെ വിശ്വാസത്തിൽ എടുത്തിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു.
പുരുഷന്മാർക്കെതിരെ സ്ത്രീകൾ നൽകുന്ന പരാതികൾ എല്ലായ്പ്പോഴും ശരിയായിരിക്കണമെന്നില്ലെന്ന് കഴിഞ്ഞ ദിവസം പരാമർശിച്ച ഹൈക്കോടതി തിരിച്ചും സംഭവിക്കാമെന്ന് ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ പേരിൽ പുരുഷന്മാർ നൽകുന്ന പരാതിയും എപ്പോഴും ശരിയാകണമെന്നില്ലെന്ന് കോടതി ഓർമിപ്പിച്ചു. അന്വേഷണം ഏകപക്ഷീയമാകരുതെന്നും കോടതി നിർദേശിച്ചു. ഭർത്താവിന്റെ പരാതിയിൽ കഴമ്പില്ലെന്ന് വ്യക്തമായാൽ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.