ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായി ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. ദുബായിൽ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 2.30 നാണ് സെമി പോരാട്ടം. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ഇന്ത്യ പകരംവീട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രണ്ട് വർഷങ്ങൾക്കിപ്പുറം വീണ്ടും കൊമ്പുകോർക്കുമ്പോൾ ഇരു ടീമും നിരവധി മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. ഓസ്‌ട്രേലിയൻ ടീമിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ടീമിലില്ല. സ്റ്റീവ് സ്മിത്താണ് ക്യാപ്റ്റൻ. പേസർമാരായ മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽ വുഡും ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്നില്ല.
ഇന്ത്യൻ നിരയിൽ പേസർ ജസ്പ്രീത് ബുമ്രയുടെ അഭാവമാണ് ശ്രദ്ധേയം. എന്നാൽ സ്പിന്നർമാരെ തുണയ്‌ക്കുന്ന ദുബായ് പിച്ചിൽ ഇന്ത്യക്ക് ഈ കുറവ് നികത്താനാവുമെന്നാണ് പ്രതീക്ഷ. ടൂർണമെന്റിലെ ഏറ്റവും മികച്ച സ്പിൻ ബൗളിംഗ് യൂണിറ്റ് ഇന്ത്യയുടേതാണ്. കിവീസിനെതിരായ മത്സരത്തിൽ ഒൻപത് വിക്കറ്റും നേടിയത് സ്പിന്നർമാരാണ്. ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരടങ്ങുന്ന സ്പിൻ നിര സെമിഫൈനലിൽ ഇന്ത്യക്ക് മുൻതൂക്കം നൽകുന്നു. ഇന്ത്യയ്‌ക്ക് മികച്ച ബാറ്റിംഗ് നിരയുണ്ടെങ്കിലും, ടൂർണമെന്റിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യയെ വിജയിപ്പിച്ചത് ബൗളർമാരാണ്. പാകിസ്താനെയും ബംഗ്ലാദേശിനെയും 250 ൽ താഴെ റൺസിൽ ഒതുക്കിയ അവർ ന്യൂസിലൻഡിനെതിരെ 249 റൺസ് പ്രതിരോധിച്ചു. കരിയറിലെ ഏറ്റവും മികച്ച ഫോമിൽ തുടരുന്ന ശ്രേയസ് അയ്യരും പവർപ്ലേയിൽ ഉയർന്ന സ്ട്രൈക്ക് റേറ്റുള്ള ക്യാപ്റ്റൻ രോഹിത്തും ഫോമിലേക്കെത്തിയ കോലിയും ബാറ്റിങ്ങിൽ ഇന്ത്യക്ക് ആശ്വാസം നൽകുന്നുണ്ട്.
അതേസമയം മറുവശത്ത് ടൂർണമെന്റിൽ ഓസ്‌ട്രേലിയയുടെ ടോപ്പ്, മിഡിൽ ഓർഡർ ബാറ്റിംഗ് നിര തകർപ്പൻ ഫോമിലാണ്. ലാഹോറിൽ ഇംഗ്ലണ്ടിന്റെ 351/8 റൺസ് പിന്തുടർന്ന് അവർ ഐസിസി ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്‌കോർ പിന്തുടരുന്നതിനുള്ള റെക്കോർഡ് തകർത്തു. ടൂർണമെന്റിലെ ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരി 73.3 ഉം സ്ട്രൈക്ക് റേറ്റും (121.2) ഓസ്‌ട്രേലിയയ്‌ക്കാണ്. പവർപ്ലേയിൽ 8.3 റൺ റേറ്റിൽ 166 റൺസ് അവർ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യ 10 ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ടീമെന്ന റെക്കോർഡ് അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ 90 റൺസ് നേടി. ജോഷ് ഇംഗ്ലിസ്, ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാർനസ് ലിബുഷൈൻ, അലക്സ് കാരി എന്നിവരെല്ലാം ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നു. എന്നിരുന്നാലും നിന്ദക്കെതിരെ എന്നും തകർത്തു കളിക്കുന്ന ട്രാവിസ് ഹെഡിലാണ് ഓസീസിന്റെ പ്രതീക്ഷ. ബൗളിങ്ങിൽ പേസ് അറ്റാക്കിലെ പരിചയക്കുറവും മധ്യ ഓവറുകളിൽ വിക്കറ്റുകളുടെ അഭാവവുമാണ് ഓസ്‌ട്രേലിയയെ വലയ്‌ക്കുന്നത്.















