ന്യൂഡൽഹി: ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാവിനെ അറസ്റ്റ് ചെയ്ത് അന്വേഷണ സംഘം. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) ഹരിയാനയിലെ പൽവാൾ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ19-കാരനായ അബ്ദുൾ റഹ്മാൻ ആണ് അറസ്റ്റിലായത്. അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതി മൊഴി നൽകി. ഇയാളുടെ പക്കൽ നിന്ന് വിദേശനിർമിത ഗ്രനേഡുകളും പൊലീസ് കണ്ടെടുത്തു. ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഉത്തർപ്രദേശിലെ ഫൈസാബാദ് സ്വദേശിയായ അബ്ദുൾ റഹ്മാന്റെ തീവ്രവാദ ബന്ധങ്ങളെക്കുറിച്ചും വിവരങ്ങൾ പുറത്തുവരികയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖൊറാസൻ പ്രൊവിൻസിന് (ISKP) പിന്തുണ പ്രഖ്യാപിച്ച് താൻ പ്രതിജ്ഞ ചെയ്തതാണെന്ന് ചോദ്യം ചെയ്യലിൽ റഹ്മാൻ വെളിപ്പെടുത്തി.
വീട്ടുകാരോട് ഡൽഹിയിലെ മർക്കസിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് റഹ്മാൻ പുറപ്പെട്ടത്. ശേഷം ഇയാൾ ഫരീദാബാദിലേക്ക് പോയി. ട്രെയിൻ മാർഗമാണ് സഞ്ചരിച്ചത്. അവിടെ എത്തിയപ്പോൾ, ഒരു ഗ്രാമത്തിന് സമീപത്ത് നിന്ന് അജ്ഞാത വ്യക്തിയാണ് തനിക്ക് ഗ്രനേഡുകൾ കൈമാറിയതെന്നും നിർദേശം ലഭിക്കുന്നതുവരെ ഫരീദാബാദിൽ തുടരാൻ ആവശ്യപ്പെടുകയും ചെയ്തതായി യുവാവ് പറഞ്ഞു. അറസ്റ്റിന് പിന്നാലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കോടതി 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഹരിയാന എസ്ടിഎഫിന്റെ കസ്റ്റഡിയിലാണ് റഹ്മാൻ നിലവിലുള്ളത്.
പത്ത് മാസം മുമ്പാണ് ഇയാൾ ISKP നെറ്റ്‌വർക്കിൽ ചേർന്നതെന്നും ഓൺലൈൻ വീഡിയോ കോളുകൾ വഴി പരിശീലനം ലഭിച്ചതായുമാണ് വിവരം. മിൽക്കിപൂരിലെ തന്റെ കടയിൽ ഇരുന്നാണ് പരിശീലനം നേടിയതെന്നും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ചർച്ചകളിൽ പങ്കെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥരോട് യുവാവ് വെളിപ്പെടുത്തി. രാമക്ഷേത്രത്തിന്റെ ഒന്നിലധികം ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. പാക് ചാരസംഘടനയായ ഐസ്ഐയുമായി റഹ്മാന് ബന്ധമുണ്ടോയെന്നും സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.















