ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കെതിരായ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിന്റെ ബോഡി ഷെയ്‌മിങ് പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. ക്രിക്കറ്റ് മാനസിക ശക്തിയുടെയും നിശ്ചയ ദാർഢ്യത്തിന്റെയും കളിയാണെന്നും കളിക്കാരുടെ ശാരീരിക രൂപത്തിന് അതിൽ യാതൊരു ബന്ധവുമില്ലെന്നും ഗാവസ്‌കർ അഭിപ്രായപ്പെട്ടു. ഫിറ്റ്നസ് ആണ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യ മാനദണ്ഡമെങ്കിൽ, മോഡലുകളെ ടീമിൽ ഉൾപ്പെടുത്തുമായിരുന്നല്ലോയെന്നും അദ്ദേഹം പറഞ്ഞു.
“മെലിഞ്ഞ പുരുഷന്മാരെ മാത്രമേ നിങ്ങൾക്ക് വേണ്ടൂ എങ്കിൽ, നിങ്ങൾ ഒരു മോഡലിംഗ് മത്സരത്തിൽ പോയി എല്ലാ മോഡലുകളെയും തിരഞ്ഞെടുക്കണമെന്നാണ് ഞാൻ പറയുന്നത്,” ഗാവസ്‌കർ പ്രതികരിച്ചു. ശരീരഭാരം കൂടുതലുള്ളവർക്ക് എത്ര നന്നായി കളിയ്‌ക്കാൻ കഴുമെന്നതിന്റെ ഉദാഹരണമായി അദ്ദേഹം സർഫ്രാസ് ഖാനെ ചൂണ്ടിക്കാട്ടി.
“അദ്ദേഹത്തെ പൊതുവെ ശരീരഭാരം കൂടുതലുള്ളവരുടെ കൂട്ടത്തിലാണ് പരിഗണിച്ചിരുന്നത്. വളരെ കാലം പലരും സർഫ്രാസിനെ അധിക്ഷേപിച്ചിരുന്നു. എന്നാൽ ഒരു ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്‌ക്കായി അദ്ദേഹം 150 റൺസ് നേടുകയും തുടർന്നുള്ള മത്സരങ്ങളിൽ അർദ്ധശതകം നേടുകയും ചെയ്തു. അപ്പോൾ എന്താണ് പ്രശ്നം? ശരീര വലിപ്പത്തിന് അതുമായി യാതൊരു ബന്ധവുമില്ല. അത് നിങ്ങളുടെ മാനസിക ശക്തിയാണ്. നന്നായി ബാറ്റ് ചെയ്യുക, ദീർഘനേരം ബാറ്റ് ചെയ്യുക, റൺസ് നേടുക ഏതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം,” ഗാവസ്‌കർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രോഹിത് തടിയനാണെന്നും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മോശം ക്യാപ്റ്റനാണെന്നും ആരോപിച്ച് ഷമ എക്‌സിൽ പോസ്റ്റ് പങ്കുവച്ചത്. എന്നാൽ പ്രതിഷേധം കനക്കുകയും സ്വന്തം പാർട്ടി തന്നെ തള്ളിപ്പറയുകയും ചെയ്തതോടെ കോൺഗ്രസ് വക്താവ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് വിശദീകരണവുമായെത്തി. ഷമയുടെ പരാമർശങ്ങൾ തള്ളിയ ബിസിസിഐ വ്യക്തിപരമായ പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് നേതാക്കൾ വിട്ടു നിൽക്കണമെന്ന് പ്രതികരിച്ചു.