ഐപിഎല്ലിന്റെ വരുന്ന സീസണിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ബിസിസിഐ. 22ന് ബെംഗളൂരു-കൊൽക്കത്ത മത്സരത്തോടെയാണ് സീസണ് തുടക്കമാകുന്നത്. താരങ്ങളുടെയോ സപ്പോർട്ട് സ്റ്റാഫുകളുടെയോ കുടുംബാംഗങ്ങൾക്ക് പ്ലേയേഴ്സിന്റെയോ മാച്ച് ഓഫിഷ്യൽസിന്റെയോ ഏരിയയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. മത്സരത്തിന് മുൻപോ മത്സരം നടക്കുമ്പോഴോ ആണ് വിലക്ക്.
പരിശീലന സെക്ഷനിൽ പോലും ഡ്രസിംഗ് റൂമിൽ സമ്പൂർണ നിരോധനമാണ്. താരങ്ങൾ പൂർണമായും ടീം ബസിൽ മാത്രമേ യാത്ര ചെയ്യാവൂ. ടീമുകൾക്ക് രണ്ട് ബാച്ചുകളായി യാത്ര ചെയ്യാം. കളിക്കാരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വ്യത്യസ്ത വാഹനങ്ങളിൽ യാത്ര ചെയ്യാനും ഹോസ്പിറ്റാലിറ്റി ഏരിയയിൽ നിന്ന് ടീം പരിശീലനം കാണാനും കഴിയും.
പരിശീലന ദിവസങ്ങളിൽ (മത്സരത്തിന് മുമ്പും ടൂർണമെന്റ് നടക്കുമ്പോഴും), അംഗീകൃത ജീവനക്കാർക്ക് മാത്രമേ ഡ്രസ്സിംഗ് റൂമിലും കളിക്കളത്തിലും പ്രവേശനം അനുവദിക്കൂ. കൂടുതൽ സപ്പോർട്ട് സ്റ്റാഫിന്റെ (ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ്/നെറ്റ് ബൗളർമാർ) ലിസ്റ്റ് ബിസിസിഐയുടെ അംഗീകാരത്തിനായി സമർപ്പിക്കേണ്ടതുണ്ട്.
മത്സര ദിവസങ്ങളിൽ പിച്ചിന്റെ പ്രധാന സ്ക്വയറിൽ ഫിറ്റ്നസ് പരിശോധന നടത്തുന്നത് ബിസിസിഐ നിരോധിച്ചു. മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ടീം ഫിസിയോതെറാപ്പിസ്റ്റുകൾ സെൻട്രൽ ട്രാക്ക് ഉപയോഗിച്ച് കളിക്കാരുടെ ഫിറ്റ്നസ് വിലയിരുത്തുന്ന പതിവുണ്ടായിരുന്നു. ഓറഞ്ച്, പർപ്പിൾ ക്യാപ്പുകൾ താരങ്ങൾ മിനിമം രണ്ടോവറെങ്കിലും ധരിക്കണം. ബ്രോഡ്കാസ്റ്റർമാർക്ക് ദൃശ്യങ്ങൾ ചിത്രീകരിക്കാൻ.
മത്സര ശേഷമുള്ള സമ്മാനദാന ചടങ്ങിലും ഇവ ധരിക്കണം. കൂടാതെ ഈ അവസരങ്ങളിൽ സ്ലീവ്ലെസ് ജഴ്സി ഒഴിവാക്കാനും നിർദ്ദേശമുണ്ട്. അനുസരിച്ചില്ലെങ്കിൽ ശാസനയും പിഴയുമുണ്ടാകും. നെറ്റ് നൽകിയിട്ടും എൽഡി ബോർഡുകളിൽ പന്തടിച്ച് പരിശീലിക്കുന്നതും നിരോധിച്ചിട്ടുണ്ട്. താരങ്ങൾ അക്രെഡിറ്റേഷൻ കാർഡുകൾ കൊണ്ടുവന്നില്ലെങ്കിലും പിഴയുണ്ടാകും. എൽഇഡി പരസ്യ ബോർഡുകൾക്ക് മുന്നിൽ ഡ്രിങ്ക്സ് കൊണ്ടുവരുന്ന താരങ്ങൾ ഇരിക്കരുത്. അതിനുള്ള സ്ഥലം അധികൃതർ അടയാളപ്പെടുത്തും.