ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ റൺമല ഉയർത്തി ന്യൂസിലൻഡ്. നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 362 റൺസാണ് കിവീസ് നേടിയത്. കെയ്ൻ വില്യംസൺ രചിൻ രവീന്ദ്ര എന്നിവരുടെ സെഞ്ച്വറിയും ഗ്ലെൻ ഫിലിപ്സിന്റെ മിന്നലടിയുമാണ് കിവീസിന് വമ്പൻ ടോട്ടൽ സമ്മാനിച്ചത്. രവീന്ദ്ര 101 പന്തിൽ 108 റൺസ് നേടിയപ്പോൾ മുൻ നായകൻ 94 പന്തിൽ 102 റൺസുമായാണ് പുറത്തായത്.
രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത് 164 റൺസ്. ഡാരിൽ മിച്ചൽ 37 പന്തിൽ 49 റൺസ് നേടി സ്കോറിംഗിന് വേഗം കൂട്ടി. 27 പന്തിൽ 49 റൺസുമായി അവസാന ഓവറുകളിൽ തകർത്തടിച്ച ഫിലിപ്സാണ് കിവീസിനെ 350 കടത്തിയത്. ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എട്ടാം ഓവറിലാണ് കിവീസിന്റെ അദ്യ വിക്കറ്റ് വീഴുന്നത്. ഓപ്പണർ വിൽ യംഗ് 21 റൺസുമായി കൂടാരം കയറി. പിന്നീട് അവർക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ബോളർമാർ കാഴ്ചക്കാരായ നിമിഷങ്ങൾ. രണ്ടാം വിക്കറ്റിന് ദക്ഷിണാഫ്രിക്കയ്‌ക്ക് 34-ാം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു.
പന്തെറിയാൻ വന്നവരെല്ലാം നല്ല ചൂടോടെ തല്ലുവാങ്ങി. പത്തോവറിൽ 79 റൺസ് വഴങ്ങിയ യാൻസനാണ് ടോപ് സ്കോറർ. വിക്കറ്റൊന്നും ലഭിച്ചതുമില്ല. കഗീസോ റബാദ 70 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. ലുംഗി എൻഗിഡിക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു.72 റൺസാണ് വഴങ്ങിയത്. അതേസമയം വിയാൻ മുൾഡർക്ക് മത്സരത്തിനിടെ പരിക്കേറ്റത് ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിച്ചടിയായി.