ലണ്ടൻ: കശ്മീർ വിഷയം പരിഹരിക്കുന്നതിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സാഹചര്യം സ്വതന്ത്രമായി പരിഹരിക്കുന്നതിന് ഇതിനകം തന്നെ നിർണായക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്താനുമായുള്ള കശ്മീർ പ്രശ്നം പരിഹരിക്കുന്നതിന് സമാധാനം സ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റിന്റെ മധ്യസ്ഥതാ നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുമോയെന്ന ചോദ്യത്തിനായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ലണ്ടനിലെ ചാത്തം ഹൗസിൽ നടന്ന ചർച്ചകളിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കശ്മീർ പ്രശ്‌നത്തിന്റെ ഭൂരിഭാഗവും പരിഹരിക്കുന്നതിൽ ഇന്ത്യ മികച്ച പ്രവർത്തനം കാഴ്ചവച്ചു. ആർട്ടിക്കിൾ 370 നീക്കം ചെയ്തത് അതിന്റെ ആദ്യ പടിയായിരുന്നുവെന്ന് ഞാൻ കരുതുന്നു. പിന്നെ, കശ്മീരിൽ വളർച്ച, സാമ്പത്തിക പ്രവർത്തനങ്ങൾ, സാമൂഹിക നീതി എന്നിവ പുനഃസ്ഥാപിക്കുന്നത് രണ്ടാമത്തെ പടിയായിരുന്നു. വളരെ ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് നടത്തുന്നത് മൂന്നാമത്തെ ഘട്ടമായിരുന്നു,” അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, പ്രശ്നത്തിന്റെ പരിഹരിക്കപ്പെടാത്ത വശം ഇന്ത്യയുടെ നിയന്ത്രണത്തിന് പുറത്താണെന്ന് അദ്ദേഹം വ്യക്തമാക്കി. “പാകിസ്താൻ നിയമവിരുദ്ധമായി അധിനിവേശം നടത്തിയ കശ്മീരിന്റെ ഭാഗം തിരികെ നൽകുകയാണ് ഇനി വേണ്ടത്. അത് പൂർത്തിയാകുമ്പോൾ, കശ്മീർ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് നമുക്ക് ഉറപ്പിക്കാനാകും,” ജയ്ശങ്കർ പറഞ്ഞു. 2024 മെയ് 9 ന്, ഡൽഹി സർവകലാശാലയിലെ ഗാർഗി കോളേജിൽ നടന്ന ചടങ്ങിൽ പാകിസ്താൻ അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രി ആവർത്തിച്ചിരുന്നു. കൂടാതെ പാക് അധീന കശ്മീർ ഇന്ത്യയിലേക്ക് തിരികെ വന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ ഇന്ത്യൻ രാഷ്‌ട്രീയ പാർട്ടികളും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.