ദുബായ്: വധശിക്ഷയ്‌ക്ക് വിധിച്ച രണ്ട് മലയാളികളെയും തൂക്കിലേറ്റി യുഎഇ. ഇരുവരുടെയും കുടുംബാംഗങ്ങളെ ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. കൊലപാതകക്കേസുകളിൽ പ്രതികളായ രണ്ടുപേരുടെ ശിക്ഷാവിധിയാണ് യുഎഇ നടപ്പാക്കിയത്. ഇരുവരും വ്യത്യസ്ത കേസുകളിലെ പ്രതികളാണ്. മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്, മുരളീധരൻ പെരുംതട്ട വളപ്പിൽ എന്നിവരാണ് തൂക്കിലേറ്റപ്പെട്ടതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
എമിറാത്തി പൗരനെ കൊന്ന കേസിലാണ് മുഹമ്മദ് റിനാഷിനെതിരായ വധശിക്ഷ നടപ്പാക്കിയത്. ഇന്ത്യക്കാരനായ പൗരനെ കൊന്ന കേസിലായിരുന്നു മുരളീധരനെതിരായ ശിക്ഷാവിധി. ഫെബ്രുവരി 28ന് ഇരുവരുടേയും ശിക്ഷാവിധി നടപ്പിലാക്കി. ഇവരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാനുള്ള നടപടികൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ പൗരത്വമുള്ള യുവതിയുടെ വധശിക്ഷ യുഎഇ നടപ്പിലാക്കിയതും കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. യുപിയിൽ നിന്നുള്ള 33-കാരിയേയാണ് തൂക്കിലേറ്റിയത്. നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലായിരുന്നു ശിക്ഷാവിധി. 2022-ലായിരുന്നു കുഞ്ഞ് കൊല്ലപ്പെട്ടത്. അബുദാബിയിൽ കുഞ്ഞിനെ നോക്കുന്ന ജോലിയായിരുന്നു യുവതിക്ക്. പതിവ് കുത്തിവെപ്പ് സ്വീകരിച്ചതിന് പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. മരണത്തിൽ കെയർഗിവറായ യുവതിക്ക് പങ്കുണ്ടെന്ന് ആരോപിച്ച കേസാണ് വധശിക്ഷയിൽ കലാശിച്ചത്.













