ഫൈനൽ ലാഹോറിൽ നടത്തമായിരുന്നില്ലേയെന്ന് ചോദിച്ച പാകിസ്താൻ മാദ്ധ്യമ പ്രവർത്തകന്റെ വായടപ്പിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. അങ്ങനെ സംഭവിക്കണമെങ്കിൽ ഓസ്‌ട്രേലിയ സെമിഫൈനൽ മത്സരം ജയിക്കണമായിരുന്നെന്നും അവർ തോറ്റതിനാൽ ഫൈനൽ ദുബായിൽ നടക്കുമെന്നുമായിരുന്നു രാജീവ് ശുക്ലയുടെ മറുപടി. ഇന്ത്യ ഉൾപ്പെടുന്ന മത്സരങ്ങൾ ദുബായിലും ബാക്കി മത്സരങ്ങൾ പാകിസ്താനിലും ആയിരിക്കുമെന്ന് ഐസിസി തലത്തിൽ തീരുമാനിച്ച കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ചാമ്പ്യൻസ് ട്രോഫി സെമിഫൈനൽ കാണാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ക്ഷണപ്രകാരം ലാഹോറിലെത്തിയപ്പോഴാണ് രാജീവ് ശുക്ലയുടെ പ്രതികരണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ദ്വിരാഷ്‌ട്ര ക്രിക്കറ്റ് പരമ്പരകൾ പുനരാരംഭിക്കുന്നതിന് ഇന്ത്യൻ സർക്കാരിന്റെ അനുമതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ (ബിസിസിഐ) സർക്കാരിന് മുന്നിൽ ഞങ്ങളുടെ നിലപാട് വയ്‌ക്കുന്നു, പക്ഷേ അവർ അവരുടെ കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനമെടുക്കുന്നത്. സർക്കാർ ഒരു തീരുമാനം എടുക്കുമ്പോൾ, അത് പല വശങ്ങളും പരിഗണിച്ച ശേഷമാണ്. അത് രാജ്യങ്ങളുടെ ആഭ്യന്തര കാര്യമാണ്.” ശുക്ല പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും ആരാധകർ ഉഭയകക്ഷി ബന്ധം പുനരാരംഭിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ശുക്ല സമ്മതിച്ചെങ്കിലും, എപ്പോഴും നിഷ്പക്ഷമായ ഒരു വേദിയിൽ കളിക്കുന്നതിനെ അദ്ദേഹം അനുകൂലമായി പരിഗണിച്ചില്ല. അതേസമയം ഏഷ്യ കപ്പ് ഷെഡ്യൂളും നിലവിലെ ധാരണപ്രകാരമായിരിക്കുമെന്ന് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുമറുപടിയായി രാജീവ് ശുക്ല പറഞ്ഞു.
Leave a Comment