തമിഴ്നാട്ടിൽ കാമുകിയെ പെൺസുഹൃത്തുക്കളുടെ സഹായത്തോടെ കൊന്ന് കൊക്കയിൽ തള്ളി യുവാവ്. മാർച്ച് ഒന്നിന് യേർക്കാടായിരുന്നു സംഭവം. ബുധനാഴ്ചയാണ് പൊലീസ് യുവതിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുന്നത്. തുറൈയൂർ സ്വദേശിയായ ലോകനായകി(35) ആണ് മരിച്ചത്.
സേലത്ത് ഒരു കോച്ചിംഗ് സെന്ററിൽ പഠിപ്പിക്കുകയായിരുന്ന യുവതി സമീപത്തെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. മാർച്ച് ഒന്നുമുതൽ അവരെ കാണാനില്ലായിരുന്നു. ഫോൺ സ്വിച്ച് ഓഫും. ഹോസ്റ്റൽ അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ ഫോൺ രേഖകൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് അബ്ദുൾ ഹഫീസിനെ(22) പേരമ്പലൂർ ജില്ലയിൽ നിന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ലോകനായകിയെ യേർക്കാടേയ്ക്ക് വിളിച്ചു വരുത്തി പെൺസുഹൃത്തുക്കളുടെ സഹായത്തോടെയാണ് കാെലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തി. വിവാഹം വാഗ്ദാനം നൽകി ലോകനായകിയെ നിർബന്ധപൂർവം മതം മാറ്റിയിരുന്നതായും പ്രതി പറഞ്ഞു.
താവിയ സുൽത്താന (22), ആർ.മോനിഷ (21) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. എൻജിനീയറിങ് വിദ്യാർത്ഥിയായ അബ്ദുൽ അസീസ് സോഷ്യൽ മീഡിയയിലൂടെയാണ് രണ്ടു വർഷം മുൻപ് ലോകനായകിയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായതും. ഈ സമയത്ത് തന്നെ താവിയ സുൽത്താനയുമായും പ്രതി പ്രണയത്തിലായിരുന്നു. ഈ ബന്ധം അറിഞ്ഞ് ചോദ്യം ചെയ്തതോടെയാണ് ലോകനായകിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.വില്ലുപുരം മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിയായ മോനിഷയാണ് ലോകനായികയ്ക്ക് വിഷം കുത്തിവച്ചത്. ശേഷം യേർക്കാടിന് സമീപമുള്ള കൊക്കയിലേക്ക് മൃതദേഹം തള്ളുകയായിരുന്നു.















