തൃശൂർ: നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു. തൃശൂർ കൊരട്ടിയിലാണ് സംഭവം. കോതമംഗലം സ്വദേശി ജയ്മോൻ ജോർജ് മകൾ ജോ ആൻ എന്നിവരാണ് മരിച്ചത്. ജയ്മോന്റെ ഭാര്യയ്‌ക്കും മകനും ബന്ധുവിനും അപകടത്തിൽ പരിക്കേറ്റു. ഇവർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. രാവിലെ ആറ് മണിക്കായിരുന്നു അപകടം.
നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്. ഏതെങ്കിലും വാഹനം കാറിൽ തട്ടിയതോടെ നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ചതാകാമെന്നാണ് നിഗമനം. കുട്ടി സംഭവസ്ഥലത്ത് വച്ചും ജയ്മോൻ ചികിത്സക്കിടെയുമാണ് മരിച്ചത്.
നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് അപകടസ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ദേശീയപാതയോരത്തെ മരത്തിൽ ഇടിച്ച് തകർന്ന നിലയിലാണ് കാർ കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി കാമറകൾ പൊലീസ് പരിശോധിച്ചുവരികയാണ്.