ന്യൂഡൽഹി: ഗ്ലോറി ആൻഡ് വിസ്ഡം ചർച്ചിലെ പാസ്റ്റർ ബജീന്ദർ സിങ്ങിനെതിരായ പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്. ലൈംഗിക പീഡനം, മാനസിക പീഡനം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് യുവതി നൽകിയ പരാതിയിലാണ് കേസ്. ജലന്ധറിൽ താമസിക്കുന്ന പാസ്റ്റർ ബജീന്ദർ സിംഗ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും പരാതി നൽകുന്നത് തടയാൻ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.
ഫെബ്രുവരി 20 ന് ജലന്ധറിലെ കപൂർത്തല പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. 2017 മുതൽ താനും മാതാപിതാക്കളും ബജീന്ദർ സിംഗ് സ്ഥാപിച്ച ചർച്ച് ഓഫ് ഗ്ലോറി ആൻഡ് വിസ്ഡം സന്ദർശിക്കാറുണ്ടെന്നും 2020-22 വരെ അദ്ദേഹത്തിന്റെ ‘ആരാധന’ ടീമിന്റെ ഭാഗമായിരുന്നുവെന്നും ഇര പറഞ്ഞു. ഈ സമയത്ത്, പാസ്റ്റർ തന്റെ ഫോൺ നമ്പർ വാങ്ങി അശ്ലീല സന്ദേശങ്ങൾ അയയ്‌ക്കാൻ തുടങ്ങി. ക്യാബിനിൽ തനിച്ചായിരിക്കുമ്പോൾ തന്നെ കടന്നുപിടിക്കുകയും അനുചിതമായി സപർശിക്കുകയും ചെയ്തു. കോളേജിലേക്കുള്ള യാത്രയിൽ ബജീന്ദർ സിംഗ് തന്നെ പിന്തുടരുമായിരുന്നുവെന്നും അവർ ആരോപിക്കുന്നു. ഇയാൾ ഓപ്പിയം കച്ചവടം നടത്തുകയും പെൺകുട്ടികളെ വ്യഭിചാര കേന്ദ്രങ്ങളിൽ വിൽക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു.
യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തന്റെ പള്ളി ശുശ്രൂഷകൾക്ക് പേരുകേട്ട പാസ്റ്ററിനെതിരായ പരാതി അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇര തെറ്റായ പ്രസ്താവന നൽകിയെന്നും പാസ്റ്റർ നിരപരാധിയാണെന്നും അവകാശപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികൾ വൻ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. തന്റെ പ്രസ്താവന പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് പരാതിക്കാരി നേരത്തെ പറഞ്ഞിരുന്നു. പാസ്റ്ററെ അറസ്റ്റ് ചെയ്യണമെന്നും ഇരയ്‌ക്ക് സംരക്ഷണം നൽകണമെന്നും ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.