ന്യൂഡൽഹി: ലോക വനിതാ ദിനത്തിൽ രാജ്യത്തെ സ്ത്രീകൾക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിന് സുപ്രധാന സംഭാവനകൾ നൽകിയ നാരീശക്തികളാണ് ഇന്ന് പ്രധാനമന്ത്രിയുടെ സോഷ്യൽമീഡിയ പേജുകൾ കൈകാര്യം ചെയ്യുന്നത് . സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രചോദനാത്മകമായ നേട്ടങ്ങൾ കൈവരിച്ചവരെയാണ് പ്രധാനമന്ത്രിയുടെ സോഷ്യൽമീഡിയ കൈകാര്യം ചെയ്യാൻ തെരഞ്ഞെടുത്തിരിക്കുന്നത്.
ചെസ് താരം പ്രജ്ഞാനന്ദയുടെ സഹോദരിയും 2023-ലെ വനിതാ ഗ്രാൻഡ് സ്വിസ് ടൂർണമെന്റിൽ കിരീടം നേടിയ ചെസ് താരവുമായ വൈശാലി, പ്രശസ്ത ശാസ്ത്രജ്ഞയായ എലീന മിശ്ര, ബഹിരാകാശ ശാസ്ത്രജ്ഞ ശിൽപി സോണി എന്നിവരും ആ വനിതകളുടെ കൂട്ടത്തിലുണ്ട്. പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഇവർ പറഞ്ഞു.
ബിഹാറിലെ വനിത സംരംഭകയായ അനിത ദേവി, ഫ്രോണ്ടിയർ മാർക്കറ്റ്സ് കമ്പനിയുടെ സിഇഒ അജൈത ഷാ, സാമർത്ഥ്യം യൂണിവേഴ്സൽ സെന്ററിന്റെ സ്ഥാപക അഞ്ജലി എന്നിവരും പ്രധാനമന്ത്രിയുടെ സോഷ്യൽമീഡിയ കൈകാര്യം ചെയ്യും. എക്സ്, ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലുള്ള മോദിയുടെ അക്കൗണ്ടുകളാകും ഇവർ നിയന്ത്രിക്കുക.
സ്ത്രീകളുടെ ദൃഢനിശ്ചയവും വിജയവും അവരുടെ കഴിവുകളെ ഓർമിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. വികസിത ഭാരതം കെട്ടിപ്പെടുക്കുന്നതിന് വേണ്ടിയുള്ള ഇവരുടെ സംഭാവനകൾ സുപ്രധാനമാണ്. സ്ത്രീകൾക്ക് വേണ്ടി കേന്ദ്ര സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ആഗോള വളർച്ചയിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രധാന ഘടകമായിരുന്നെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
2020-ൽ സമാനമായ രീതി പ്രധാനമന്ത്രി കൈക്കൊണ്ടിരുന്നു. അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള ഏഴ് പ്രമുഖ വനിതകൾക്ക് മോദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈമാറിയിരുന്നു.















