സംസ്ഥാനത്ത് എംഡിഎംഎയും രാസലഹരിയുമായി ബന്ധപ്പെട്ട് ദിനംപ്രതി നൂറുകണക്കിന് കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. ലഹരി പിടികൂടലും അറസ്റ്റും മുറപോലെ നടക്കുന്നുണ്ടെങ്കിലും ഇതിൽ 90 ശതമാനം കേസുകളും പൊലീസിന്റെ പിടിപ്പുകേട് കൊണ്ട് ആവിയായി പോകും. അതിന് ഏറ്റവും വലിയ തെളിവാണ് നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസ്.
ദിവസങ്ങൾക്ക് മുമ്പാണ് ഷൈൻ അടക്കം എല്ലാം പ്രതികളേയും എറണാകുളം അഡിഷണൽ കോടതി കുറ്റവിമുക്തരാക്കിയത്. ലഹരിക്കേസിൽ പാലിക്കേണ്ട പ്രാഥമിക നടപടി ക്രമങ്ങൾ പോലും പൊലീസ് പാലിക്കാത്തതാണ് പ്രതികളെ വെറുതെ വിടാൻ കാരണം. കേരളത്തിലെ ആദ്യ കൊക്കെയ്ൻ കേസായിരുന്നു ഇത്.
2015 ജനുവരി 30 നാണ് ഷൈൻ ടോം ചാക്കോയും നാല് യുവതികളും 10 ഗ്രാം കൊക്കെയ്നുമായി പിടിയിലാകുന്നത്. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിന്റെ കടവന്ത്രയെ ഫ്ലാറ്റിൽ നിന്നാണ് സംഘത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വെള്ളിത്തിരയിൽ കത്തി നിന്നിരുന്ന യുവനായകൻ പിടിക്കപ്പെട്ടതോടെ കേസ് വാർത്തകളിൽ നിറഞ്ഞു. സിനിമയും ലഹരിയും വലിയ ചർച്ചയായി.
എന്നാൽ പൊലീസിന്റെ അറിവുകേടാണ് കേസ് ആവിയാക്കിയതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റ് നടന്ന ദിവസം തന്നെ തോറ്റുപോയ കേസ് എന്നാണ് കേസിന് നൽകുന്ന വിശേഷണം. ലഹരിക്കേസ് കൈക്കാര്യം ചെയ്യുന്നതിന്റെ ബാലപാഠം പോലും അറിയാത്ത ഉദ്യോഗസ്ഥരാണ് കേസ് നശിപ്പിച്ചത്.
കോടതി ഉത്തരവ് പരിശോധിച്ചാൽ ഒന്നാം പ്രതിയാകുന്നത് പൊലീസാണ്. മൂന്ന് വീഴ്ചകളാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഒന്നാമതായി നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (എൻഡിപിഎസ്) സെക്ഷൻ 42 പാലിച്ചില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെങ്കിൽ വിവരം രേഖാമൂലം മേലുദ്യോഗസ്ഥനെ അറിയിച്ചിരിക്കണം. കൂടാതെ മജിസ്റ്റേട്രറ്റിന്റെ മുന്നിൽ ഹാജരാക്കുമ്പോൾ ഇക്കാര്യം പ്രതികളെ ബോധ്യപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ 50 പാലിച്ചില്ല.
മൂന്നാമത്തേതാണ് പൊലീസിന്റെ ഏറ്റവും വലിയ വീഴ്ച. നാല് യുവതികൾ ഉൾപ്പെട്ട കേസിൽ ലഹരി കണ്ടെടുക്കാൻ പുരുഷ ഗസറ്റഡ് ഉദ്യോഗസ്ഥനെയാണ് പൊലീസ് സാക്ഷിയാക്കിയത്. കേസിൽ ഒന്നാം പ്രതിയായ യുവതിയുടെ ദേഹ പരിശോധനയിൽ കൊക്കെയ്ൻ കണ്ടെടുത്തെന്നാണ് കേസ്. സ്ത്രീകളുടെ ദേഹ പരിശോധനയ്ക് സ്ത്രീ ഗസറ്റഡ് ഉദ്യോഗസ്ഥ നിർബന്ധമാണ്. ഇതോടെ കൊക്കെയ്ൻ പിടിച്ചെന്ന വാദം പോലും കോടതിയിൽ പൊളിഞ്ഞു വീണു. കൂടാതെ പ്രതികളുടെ ലഹരി ഉപയോഗവും പൊലീസിന് തെളിയിക്കാനായില്ല.















