മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടമുയർത്തിയ ടീം ഇന്ത്യയുടെയും ആരാധകരുടെയും ആഘോഷാരവങ്ങൾ അവസാനിച്ചിട്ടില്ല. എന്നാൽ ഇന്റർനെറ്റിൽ വൈറലായത് ഇന്ത്യൻ ക്യാപ്റ്റന്റെയും കിംഗ് കോലിയുടെയും ഗ്രൗണ്ടിലെ ആഘോഷമാണ്. സ്റ്റമ്പുകൾ കയ്യിലെടുത്ത് രോഹിത് ശർമയും വിരാട് കോലിയും ഡാണ്ഡിയ നൃത്ത ചുവടുകൾ വയ്‌ക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
virat kohli and rohit sharma playing dandiya after winning champions trophy was not in my 2025 bucket list 😭 pic.twitter.com/dZsRRCU8Mt
— saif (@nightchanges) March 9, 2025
252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഫൈനലിൽ ആവേശകരമായ വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അതിവേഗ അർദ്ധസെഞ്ച്വറി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവരുടെ ബാറ്റിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് തുടങ്ങിയ സ്പിന്നർമാരുടെ മികച്ച സ്പെല്ലുകൾ എന്നിവ ഇന്ത്യയെ മൂന്നാം ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടത്തിലേക്ക് നയിച്ചു. 2024 ലെ ടി20 ലോകകപ്പിന് ശേഷം രണ്ടുവർഷത്തിനുള്ളിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ ഐസിസി കിരീടമാണിത്.
ദുബായിൽ നടന്ന ഫൈനൽ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിനെ ഇന്ത്യൻ സ്പിന്നർമാർ 251/7 എന്ന സ്കോറിനൊതുക്കി. 83 പന്തിൽ ഏഴ് ഫോറുകളും മൂന്ന് സിക്സറുകളും സഹിതം 76 റൺസെടുത്ത ക്യാപ്റ്റൻ രോഹിത്ത് ശർമയാണ് കളിയിലെ താരം. ന്യൂസിലൻഡ് താരം രചിൻ രവീന്ദ്ര ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.















