ഇന്ത്യ ജേതാക്കളായ ചാമ്പ്യൻസ് ട്രോഫി സമാപനച്ചടങ്ങിന് ആതിഥേയരായ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രതിനിധികളെ ക്ഷണിക്കാത്തതിനെ ചൊല്ലി വിവാദം. ടൂർണമെന്റിന്റെ ഡയറക്ടർ കൂടിയായ പിസിബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുമൈർ അഹമ്മദ് വേദിക്ക് സമീപം ഉണ്ടായിരുന്നെങ്കിലും ചടങ്ങിന് ക്ഷണിച്ചിട്ടില്ലെന്നാണ് പിസിബിയുടെ വാദം. സംഭവത്തിൽ ഐസിസിയോട് വിശദീകരണം ആവശ്യപ്പെടുമെന്നും പ്രതിഷേധം അറിയിക്കുമെന്നും പിസിബി അറിയിച്ചു.
മറ്റ് ചുമതലകൾ ഉണ്ടായിരുന്നത് കാരണം പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ദുബായിലേക്ക് പോയില്ല. അതിനാൽ സമാപന ചടങ്ങിൽ പാകിസ്താനെ പ്രതിനിധീകരിക്കാൻ പിസിബി സിഇഓയെ അയച്ചുവെന്നുമാണ് പിസിബി വൃത്തങ്ങൾ പറയുന്നത്. എന്തോ കാരണത്താലോ തെറ്റിദ്ധാരണയാലോ പിസിബി പ്രതിനിധിയെ വേദിയിലേക്ക് ക്ഷണിച്ചില്ലെന്നും ഐസിസി ചെയർമാൻ ജയ് ഷാ, ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ദേവജിത് സൈകിയ എന്നിവർ കളിക്കാർക്ക് മെഡലുകളും ട്രോഫികളും ജാക്കറ്റുകളും വിതരണം ചെയ്തുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സമാപന ചടങ്ങിന്റെ സംഘടനാ ചുമതല ഐസിസിക്കായിരുന്നു. ഇവർക്ക് പിസിബി പ്രതിനിധിയുമായ ആശയവിനിമയം നടത്തുന്നതിൽ വീഴ്ച സംഭവിച്ചുവെന്നാണ് പിസിബിയുടെ കണ്ടെത്തൽ. ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടിയെങ്കിലും സമാപനച്ചടങ്ങിൽ പിസിബി പ്രതിനിധികൾ പങ്കെടുക്കാത്തതെന്തുകൊണ്ടെന്ന് മുൻ പാക് പേസർ ഷോയിബ് അക്തർ ചോദ്യം ചെയ്തു. സംഭവം വിവാദമായതോടെ ഐസിസിയെ പ്രതിഷേധം അറിയിക്കാനാണ് പിസിബിയുടെ തീരുമാനം.
സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ പാകിസ്താനിൽ മത്സരങ്ങൾ കളിക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ നടത്താമെന്ന ഹൈബ്രിഡ് മോഡലിന് പിസിബി വഴങ്ങുകയായിരുന്നു. ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കടന്നതോടെ ആതിഥേയരായിട്ടും അവസാന മത്സരത്തിന് വേദിയാകാനുള്ള അവസരവും പാകിസ്താന് നഷ്ടമായി.