ആലപ്പുഴ: ചേർത്തലയിലെ ഹോട്ടലിൽ ജീവനക്കാരും ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും തമ്മിൽ സംഘർഷം. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്, സിപിഎം സംസ്ഥാനകമ്മിറ്റി അംഗത്തിന്റെ മകൻ, മുൻ എൽസി സെക്രട്ടറി എന്നിവരാണ് ഹോട്ടൽ ജീവനക്കാരുമായി ഏറ്റുമുട്ടിയത്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
മേശ തുടയ്‌ക്കുന്നതിനിടെ ദേഹത്ത് വെള്ളം വീണെന്ന് ആരോപിച്ചായിരുന്നു തർക്കം. മുൻ എൽസി സെക്രട്ടറിയും നിലവിൽ ബാർ അസോസിയേഷന്റെ നേതാവുമായിട്ടുള്ള അഡ്വ. സുരരാജ് ജീവനക്കാരുമായി തട്ടിക്കയറുകയും തുടർന്ന് ഇത് സംഘർഷത്തിനും ഏറ്റുമുട്ടലിലേക്കും വഴിമാറുകയായിരുന്നു. വാക്കേറ്റത്തിനിടെ ജീവനക്കാരുമായി ഉന്തും തല്ലും ഉണ്ടാവുകയും പിന്നീട് കൂട്ടയടിയായി മാറുകയും ചെയ്തു.
മൂന്ന് സിപിഎം-ഡിവൈഎഫ്ഐ നേതാക്കളും അഭിഭാഷകരാണെന്നാണ് വിവരം. ഇവരിൽ ഒരാൾ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദിന്റെ മകൻ ബാലസുബ്രമണ്യനും മറ്റൊരാൾ കഞ്ഞിക്കുഴി ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് വിനീഷ് വിജയനുമാണ്. പൊലീസ് സ്ഥലത്തെത്തിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. പാർട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കുന്നതിനാൽ നേതാക്കളുടെ നിർദേശപ്രകാരം ഹോട്ടൽ ജീവനക്കാരും സിപിഎം നേതാക്കളും തമ്മിൽ സമവായത്തിലെത്തിയതായാണ് സൂചന.