കോഴിക്കോട്: കണ്ടംകുളങ്ങരയിൽ വൻ ലഹരിവേട്ട നടത്തി പൊലീസ്. 79.74 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ എലത്തൂർ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് നഗരപരിധിയിൽ കഴിഞ്ഞദിവസം രാത്രി നടന്ന പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.
കോഴിക്കോട് സ്വദേശികളായ മിഥുൻ രാജ്, നിജിൽ, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. എലത്തൂർ സ്റ്റേഷനിലുള്ള മൂന്ന് പ്രതികളുടേയും തുടർന്നുള്ള നിയമനടപടികളിലേക്ക് പൊലീസ് ഇന്ന് കടക്കും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും നൈറ്റ് സ്‌ക്വാഡും ചേർന്ന് കണ്ടംകുളങ്ങരയിലെ ഹോം സ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്.
ഇവരുടെ കയ്യിൽ വൻ എംഡിഎംഎ ശേഖരമുണ്ടായിരുന്നു. ഇവ വിതരണത്തിനായി ചെറുപായ്‌ക്കറ്റുകളിലാക്കുകയായിരുന്നു പ്രതികൾ. പ്രതികൾക്ക് എംഡിഎംഎ എവിടെനിന്ന് ലഭിച്ചു, ആർക്കൊക്കെ വിതരണം ചെയ്തു തുടങ്ങിയ കാര്യങ്ങൾ അറിയാൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് എലത്തൂർ പൊലീസ് അറിയിച്ചു.















