ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സ്റ്റുഡന്റ്സ് പാർലമെന്റിന്റെ രണ്ടാം ദിനം ഗേൾസ് പാർലമെന്റ് നടന്നു. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയും, ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ വിജയ രഹത്ക്കറും മുഖ്യാതിഥികളായി പങ്കെടുത്തു. ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള 300 ഓളം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഗേൾസ് സ്റ്റുഡന്റ്സ് പാർലമെന്റിൽ പങ്കെടുത്തത്. വനിതകളുടെ ഉന്നമനത്തിന് അനിവാര്യമായ പലവിധ വിഷയങ്ങൾ ഈ പാർലമെന്റിൽ ചർച്ചയായി.
അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ഒരു വിദ്യാർത്ഥി സംഘടന മാത്രമല്ല രാജ്യത്തിന്റെ ഗതി നിർണ്ണയിക്കാൻ പ്രാപ്തരായ യുവ നേതാക്കളെ വളർത്തിയെടുക്കുന്ന പാഠശാല യാണ് എന്നും ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. കോളേജ് പഠനകാലത്ത് ആദ്യമായി ദീപശിഖ കൈയിൽ എന്താനുള്ള അവസരം നൽകിയതും ഇന്ന് ഈ സ്റ്റുഡന്റ്സ് പാർലമെന്റിൽ സംബന്ധിക്കാനുള്ള അവസരം നൽകിയത് എബിവിപിയാണ് എന്നും തന്റെ ജീവിതയാത്രയിൽ വിദ്യാർത്ഥി പരിഷത്തിനുള്ള പങ്ക് വളരെ വലുതാണ് എന്നും അവർ കൂട്ടിച്ചേർത്തു. രാഷ്‌ട്രത്തെ സേവിക്കുന്നതിന് അനേകായിരം രേഖ ഗുപ്തമാരെ വളർത്തിയെടുത്തുകൊണ്ടിരിക്കുന്ന സംഘടനയാണ് എബിവിപി എന്നും അവർ വ്യക്തമാക്കി. ഗേൾസ് സ്റ്റുഡന്റ്സ് പാർലമെന്റ് സംഘടിപ്പിച്ച് വിദ്യാർത്ഥിനികളെ രാഷ്‌ട്ര പുനർ നിർമ്മാണത്തിന്റെ മഹായജ്ഞത്തിൽ പങ്ക് ചേർക്കാനുള്ള പ്രയത്നമാണ് എബിവിപി നടത്തുന്നത് എന്നും അവർ പറഞ്ഞു.
ഗേൾസ് സ്റ്റുഡന്റ്സ് പാർലമെന്റിൽ വിദ്യാർത്ഥിനികൾ മുന്നോട്ടുവെച്ച എല്ലാ നിർദ്ദേശങ്ങളും കേന്ദ്ര സർക്കാറിന് മുന്നിൽ സമർപ്പിക്കുമെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു. എബിവിപി ദേശീയ സെക്രട്ടറി ശാലിനി വർമ്മ, എബിവിപി നാഷണൽ ഗേൾസ് കോർഡിനേറ്റർ മനു ശർമ്മ ഖട്ടാരിയ, ദില്ലി സംസ്ഥാന അധ്യക്ഷൻ പ്രൊഫ തപൻ കുമാർ ബിഹാരി, കേന്ദ്ര പ്രവർത്തക സമിതി അംഗം നിമയാങ് സുമേർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അപരാജിത, നാഷണൽ ബുക്ക് ട്രസ്റ്റ് ചെയർമാൻ മിലിന്ദ് മറാഠെ, പ്രമുഖ അഭിഭാഷക മോണിക അറോറ എന്നിവർ ഉദ്ഘാടന സദസിൽ സന്നിഹിതരായിരുന്നു.