തിരുവനന്തപുരം: നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനമെടുത്ത കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിനെതിരെയുളള നീക്കവുമായി വനം വകുപ്പ്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം റദ്ദാക്കാൻ വനം വകുപ്പ് ശുപാർശ നൽകി.
ജനവാസമേഖലയിലിറങ്ങുന്ന എല്ലാ വന്യമൃഗങ്ങളേയും വെടിവെച്ചുകൊല്ലാന്‍ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തിരുന്നു.പഞ്ചായത്ത് ഭരണസമിതി യോഗമാണ് ഐക്യകണ്ഠേന ഈ തീരുമാനമെടുത്തത്.ജനങ്ങളുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇത്തരം ഒരു തീരുമാനമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പറഞ്ഞിരുന്നു. പഞ്ചായത്തിന്റെ ഈ തീരുമാനം അറിയിച്ചുകൊണ്ട് ഒരു വീഡിയോ അദ്ദേഹം പുറത്തുവിട്ടിരുന്നു. എല്ലാ പാര്‍ട്ടികളും ഐകകണ്ഠ്യേന എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ജനവാസമേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യ ജീവികളേയും വെടിവെച്ച് കൊല്ലാന്‍ എടുത്ത തീരുമാനം വൈകാരികമല്ലെന്നും ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാതെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് എല്ലാ പാര്‍ട്ടികളും യോജിച്ചുകൊണ്ട് ഈ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കിലും ജനങ്ങളുടെ താത്പര്യം ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള തീരുമാനമാണെന്നും അദ്ദേഹം വീഡിയോയിൽ അവകാശപ്പെട്ടു.
പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ് എന്ന നിലപാടുമായിട്ടാണ് വനം വകുപ്പ് റിപ്പോർട്ട് നൽകിയത്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയെന്നും വനം വകുപ്പ് പറയുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണനാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്.
1972 ലെ നിയമ പ്രകാരം ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരെ നിയമിക്കുന്നത് വന്യജീവികളെ സംരക്ഷിക്കാനാണെന്നും കൊല്ലാനല്ലെന്നും കാട്ടി അഡ്വ ടി എസ് സന്തോഷ് തുടങ്ങിയവര്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കടുവയാണെങ്കിലും ആന ആണെങ്കിലും വെടിവെച്ച് ഇടാനാണ് ഭരണസമിതി തീരുമാനം എന്നും ഇതായി 20 പേരടങ്ങുന്ന എംപാനൽ ഷൂട്ടർമാരെ നിയോഗിക്കാനും ഭരണസമിതി തീരുമാനിച്ചു എന്നും പ്രെസിഡന്റ് കെ സുനിൽ പറഞ്ഞായിരുന്നു. വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം എന്ന് വിശദീകരണം ഉണ്ടായിരുന്നു . എന്ത് സംഭവിച്ചാലും പ്രത്യാഘാതം നേരിടാൻ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിൽകുമാർ പറഞ്ഞായിരുന്നു.















