……ആർകെ രമേഷ്……
27-ാം വയസിൽ പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ച് തുടങ്ങുക, രണ്ടര വർഷത്തിന് ശേഷം ദേശീയ ടീമിനെ പ്രധിനിധീകരിക്കുക… കുട്ടിക്കാലം മുതൽ പലരും കാണുന്ന സ്വപ്നം ചുരങ്ങിയ കാലത്തിലാണ് വരുൺ യാഥാർഥ്യമാക്കിയത്. സിനിമ കഥ പോലെ തോന്നുന്ന ആ സ്വപ്ന യാത്രയ്‌ക്ക് പിന്നിൽ കഠിനാദ്ധ്വാനത്തിന്റെയും കഷ്ടപാടിന്റെയും തിരക്കഥയുടെ പിൻബലമുണ്ട്.
33-കാരനായ വരുൺ 2021 ജൂലയിലാണ് ടി20 അരങ്ങേറ്റം നടത്തുന്നത്. ഫറോഖ് എൻജിനിയറിന് ശേഷം എകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്ന പ്രായമേറിയ രണ്ടാമത്തെ താരമായത് ചാമ്പ്യൻസ് ട്രോഫിയിലൂടെ. ടൂർണമെന്റിൽ മൂന്ന് മത്സരം കളിച്ച താരം നോക്കൗട്ടുകളിൽ ഇന്ത്യയുടെ കുന്തമുനയായി. ന്യൂസിലൻഡിനെതിരെ അഞ്ചു വിക്കറ്റ് പ്രകടനമടക്കം വീഴ്‌ത്തിയത് 9 വിക്കറ്റുകൾ. തമിഴ്നാട്ടുകാരനായ വരുൺ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റ താരമാണ്.
ഏതൊരു വിദ്യാർത്ഥിയെ പോലെയും ക്രിക്കറ്റായിരുന്നു വരുണിന്റെയും ഇഷ്ടം. എന്നാൽ ഇരുന്നൂറിലേറെ സെലക്ഷൻ ക്യാമ്പുകളിലെ ഒഴിവാക്കലുകൾ വരുണിന്റെ മനസ് മടുപ്പിച്ചു. പത്താം ക്ലാസിൽ വച്ച് ക്രിക്കറ്റിന് ഫുൾസ്റ്റോപ്പിട്ടു.എന്നാൽ ക്രിക്കറ്റിനോടുള്ള ഇഷ്ടം ഒരു കോണിലുണ്ടായിരുന്നു. എസ്ആർഎം യൂണിവേഴ്സിറ്റിയിൽ നിന്ന് ആർകിടെക്ച്വർ ബിരുദം നേടിയ വരുൺ കുറച്ചു കാലം ഒരു കമ്പനിയിൽ ജോലി ചെയ്തു. പിന്നീട് സ്വന്തമായി കമ്പനി തുടങ്ങിയെങ്കിലും നഷ്ടമായതോടെ മറ്റുവഴികൾ തേടേണ്ടി വന്നു.
എന്തിനാണ് ക്രിക്കറ്റ് വീണ്ടും തുടങ്ങിയതെന്ന് വരുണിനോട് ചോദിച്ചാൽ സമാധാനത്തിനും ആസ്വദിക്കാനുമെന്നാകും ഉത്തരം. രണ്ടു വർഷക്കാലം സിനിമ അഭിനയ ശ്രമത്തിനായി മാറ്റിവച്ച വരുൺ ഒരു ചിത്രത്തിലും ക്രിക്കറ്ററായി തല കാട്ടിയിരുന്നു. വിഷ്ണു വിശാൽ നായകനായ ജീവ എന്ന ചിത്രത്തിലാണ് താരം ഒരു വേഷം ചെയ്തത്.
കഥയെഴുതാനും സിനിമ സംവിധാനം ചെയ്യാനുമുള്ള പഠനവും ഇതിനൊപ്പമുണ്ടായിരുന്നു. ഇതിനിടെ ടെന്നീസ് ബോൾ ടൂർണമെന്റിൽ തിളങ്ങിയ താരം വിവിധ സ്ഥലങ്ങളിൽ കളിക്കാൻ പോയി. തുച്ഛമായ വരുമാനമായിരുന്നു ആശ്വാസം. പിന്നീടാണ് ലോവർ ഡിവിഷൻ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരിയുന്നത്. ഇവിടെ നടത്തിയ പ്രകടനം വരുണിനെ തുണച്ചു. ജൂബിലി ക്രിക്കറ്റ് ക്ലബിന് കളിക്കുമ്പോഴാണ് വരുൺ സ്പിന്നറാകുന്നത്. തമിഴ്നാട് പ്രീമിയർ ലീഗിലെ പ്രകടനം ഐപിഎൽ സ്കൗട്ടുകളുടെ ശ്രദ്ധയാകർഷിച്ചു. അരുൺ കാർത്തിക് എന്ന താരമാണ് വരുണിനെ കണ്ടെത്തുന്നത്. അരുൺ കൊൽക്കത്തയുടെ ക്യാപ്റ്റനായിരുന്ന ദിനേശ് കാർത്തിക്കിന് മുന്നിൽ വരുണിനെ എത്തിച്ചു. അന്നത്തെ ബാറ്റിംഗ് പരിശീലകനായിരുന്ന അഭിഷേക് നായറും പിന്തുണച്ചു.
എന്നാൽ പഞ്ചാബ് കിംഗ്സാണ് 2019ൽ 8.4 കോടിക്ക് വരുണിനെ ടീമിലെത്തിച്ചത്. പരിക്കും സ്ക്വാഡിലെ സ്ഥിരതയില്ലായ്മയും വരുണിന് തിരിച്ചടിയായി. എന്നാൽ കൊൽക്കത്തയിലേക്ക് വന്നതോടെ സ്ഥിതി മാറി. 2020ൽ 17 വിക്കറ്റ് നേടി ആഗോള ശ്രദ്ധയാകർഷിച്ചു. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. പക്ഷേ അപ്പോഴും കരിയറിൽ കയറ്റിറക്കങ്ങൾ താരത്തിന് നേരിടേണ്ടിവന്നു.