ഇംഫാൽ: മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനായി ചമഞ്ഞ് എംഎൽഎമാരിൽ നിന്നും കോടികൾ തട്ടിയ പ്രതികൾ അറസ്റ്റിൽ. നാലുകോടിരൂപയുടെ തട്ടിപ്പ് കേസിൽ മൂന്ന് പേരെ മണിപ്പൂർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. സ്പീക്കർ തോക്ചോം സത്യബ്രതയുൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്.
ഡൽഹിയിലെ മയൂർ വിഹാർ സ്വദേശി പ്രിയാൻഷു പന്ത് (19), ഉത്തർപ്രദേശിലെ എറ്റയിൽ നിന്നുള്ള ഉവൈഷ് അഹമ്മദ് (19), ഡൽഹിയിലെ ഘരിയാപൂർ സ്വദേശി ഗൗരവ് നാഥ് (19) എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ മാസം മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയതിനുശേഷം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ സംസ്ഥാനത്തെ നിരവധി നിയമസഭാംഗങ്ങൾക്ക് ഫോൺ കോളുകൾ ചെയ്യുകയും, ഓരോരുത്തർക്കും മന്ത്രിസ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത് 4 കോടി രൂപ ആവശ്യപ്പെടുകയുമായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് പ്രതികളെ ഡൽഹിയിൽ നിന്ന് ഇംഫാലിലേക്ക് കൊണ്ടുവന്നത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ പൊലീസ് പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ വഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങൾക്ക് 318(4) വകുപ്പുകളും ആൾമാറാട്ടത്തിന് 319(2) വകുപ്പുകളും ചുമത്തി. സബ് ഇൻസ്പെക്ടർ ഫാറൂഖ് ഷെയ്‌ക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.















