കൊച്ചി: കൊച്ചിയിലെ കോളേജ് ഹോസ്റ്റലിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടി പൊലീസ്. കളമശേരി പോളിടെക്നിക്ക് മെൻസ് ഹോസ്റ്റലിൽ നിന്നാണ് 10 കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോസ്റ്റലിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇത്രയധികം കഞ്ചാവ് കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക് ആരംഭിച്ച പരിശോധന പുലർച്ചെ 4 മണിവരെ നീണ്ടു. സംഭവവുമായി ബന്ധപ്പെട്ട് 3 വിദ്യാർത്ഥികൾ അറസ്റ്റിലായതായും മൂന്ന് പേർ ഓടി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണുംതിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.
വില്പനയ്‌ക്കായെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. പരിശോധനയ്‌ക്കെത്തുമ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി മാറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥികളായ ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപ്പള്ളി സ്വദേശി അഭിരാജ്, കുളത്തൂപ്പുഴ സ്വദേശി ആകാശ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആകാശ് എന്ന വിദ്യാർത്ഥിയുടെ മുറിയിൽ നിന്നുമാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. കഞ്ചാവ് ഹോസ്റ്റലിൽ എത്തിച്ചുനൽകിയയാളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ച കോളേജിലെ ഒരു പൂർവ വിദ്യാർത്ഥിയെ പൊലീസ് കഞ്ചാവുമായി പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് ശേഖരത്തെക്കുറിച്ചുള്ള നിർണായക സൂചനകൾ പൊലീസിന് ലഭിച്ചത്. സംഭവത്തിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജോയിന്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ ആധിപത്യം പുലർത്തുന്ന കോളേജിലാണ് സംഭവം.















