പാലക്കാട്: കടം വാങ്ങിയ 5000 രൂപയെ ചൊല്ലിയുള്ള തര്ക്കം കലാശിച്ചത് കൊലപാതകത്തിൽ. പാലക്കാട് വടക്കാഞ്ചേരിയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. വടക്കാഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശി ചൊഴിയങ്കാട് മനുവാണ്(24) കൊല്ലപ്പെട്ടത്. സുഹൃത്ത് വടക്കാഞ്ചേരി സ്വദേശി വിഷ്ണുവിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.
മനുവും വിഷ്ണുവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മനുവിന് 5000 രൂപ വിഷ്ണു കടം നൽകിയിരുന്നു. ഇത് തിരികെ ലഭിക്കാത്തതിനെ ചൊല്ലി ഇരുവരും തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പണം നൽകാമെന്ന് പറഞ്ഞ് മനു വിഷ്ണുവിനെ വീടിന് സമീപമുള്ള പറമ്പിലേക്ക് വിളിച്ചു. വിഷ്ണു എത്തിയതും മനു സുഹൃത്തിനെ ആക്രമിച്ചു. ഇതിനിടയിൽ വിഷ്ണു കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മനുവിനെ കുത്തി വീഴ്‌ത്തുകയായിരുന്നു.
ഉടൻതന്നെ മനുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിഷ്ണുവിനെ പിടികൂടി പൊലീസിന് കൈമാറിയത്. ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം. മനുവിന്റെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.