കൊച്ചി: കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ എസ്എഫ്ഐ നേതാവിന്റെ അറസ്റ്റ് ചെയ്ത് വിട്ടയച്ച നടപടി ആസൂത്രിതമെന്ന വിദ്യാർത്ഥി സംഘടനയുടെ വാദങ്ങൾ തള്ളി പൊലീസ്. കഞ്ചാവ് വേട്ട നടത്തിയത് കൃത്യവും സുതാര്യവുമായാണ്. എസ്എഫ്ഐ യൂണിറ്റ് ജനറൽ സെക്രട്ടറിയെ കയ്യോടെ പിടികൂടുകയായിരുന്നു. യാതൊരു ഭീഷണിയും ഉണ്ടായിട്ടില്ല. തെളിവിനായി കഞ്ചാവ് കണ്ടെടുക്കുന്ന നടപടികളുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
മൂന്നുപേർക്ക് തുല്യാവകാശമുള്ള മുറിയിൽ മറ്റൊരു ഇടപെടലുണ്ടെന്ന് വിശ്വസിക്കാനാവില്ല. മുറികളിൽ പുറത്തുനിന്നുള്ളവരുടെ സാന്നിധ്യമുണ്ടായിട്ടുണ്ടെന്നും റൂമിലുള്ളവർ അറിയാതെ ഇത് സാധ്യമാവില്ലെന്നും തൃക്കാക്കര എസിപി പറഞ്ഞു. രണ്ട് നിലകളുള്ള ഹോസ്റ്റലിലെ മുറികളിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. ഒരു സ്ഥലത്തുനിന്നും 1.9 കിലോ കഞ്ചാവും മറ്റൊരു മുറിയിൽ നിന്നും 9.7 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പരിശോധനയ്‌ക്കിടെ കുറച്ചുപേർ ഓടിപ്പോയിട്ടുണ്ട്. ഓടിപ്പോയ വിദ്യാർത്ഥികളെയും പിടികൂടുമെന്നും എസിപി പറഞ്ഞു.
കഴിഞ്ഞ ദിവസം രാതി നടന്ന പൊലീസിന്റെ മിന്നൽ പരിശോധനയിലാണ് കളമശേരി സർക്കാർ പോളിടെക്നിക്ക് മെൻസ് ഹോട്ടലിനുള്ളിൽ നിന്നും രണ്ട് കിലോയിലധികം കഞ്ചാവ് കണ്ടെത്തിയത്. കോളേജിലെ ഹോളി ആഘോഷങ്ങളുടെ മറവിൽ വില്പനയ്‌ക്കെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരിൽ രണ്ട് പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.















