പുറത്തേറ്റ പരിക്കിനെ തുടർന്ന് ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും ഇംഗ്ലണ്ട് പരമ്പരയിൽ നിന്നും വിട്ടുനിന്ന സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര ഐപിഎൽ കളിക്കുന്നതിൽ അനിശ്ചിതത്വം. മാർച്ച് 22ന് ആരംഭിക്കുന്ന ഐപിഎല്ലിന്റെ ആദ്യ ഘട്ട മത്സരങ്ങളിൽ ബുമ്ര കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. താരം പരിക്കിൽ നിന്ന് ഇനിയും മുക്തനായിട്ടില്ല.
ബോർഡർ-ഗവാസ്കർ ട്രോഫിയിൽ സിഡ്നി ടെസ്റ്റിലാണ് താരത്തിന് പരിക്കേറ്റത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി, താരം ഡോക്ടർമാരുടെ ക്ലിയറൻസ് നേടേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ താരത്തിന് ഐപിഎല്ലിൽ പങ്കെടുക്കാനാകൂ. ഏപ്രിൽ ആദ്യ വാരം മുതൽ ബുമ്രയ്‌ക്ക് ടീമിനൊപ്പം ചേരാനാകുമെന്നാണ് കരുതപ്പെടുന്നത്. ബുമ്രയുടെ അഭാവത്തിൽ ദീപക് ചഹർ, ട്രെൻഡ് ബോൾട്ട്,ഹാർദിക് എന്നിവർക്കാണ് ബൗളിംഗ് ചുമതല.
മാർച്ച് 23-നാണ് ഐപിഎല്ലിലെ എൽ ക്ലാസിക്കോയിൽ ബദ്ധവൈരികളായ മുംബൈയും ചെന്നൈയും നേർക്കുനേർ വരുന്നത്. അഞ്ചുവീതം കിരീടങ്ങൾ നേടിയ ടീമുകൾ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം കളിക്കുക.