അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിലെ ശ്രീ ഗുരു രാംദാസ് നിവാസിൽ പുതുനാനാക്ഷഹി വർഷം ആഘോഷിക്കാൻ ഒത്തുകൂടിയ ഭക്തരെ ഒരാൾ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചു. പരിക്കേറ്റ അഞ്ചുപേരിൽ ഒരാളുടെ നില ഗുരുതരമെന്ന് ഡോക്ടർമാർ അറിയിച്ചു. ഇയാൾ ഐസിയുവിൽ ചികിത്സയിലാണ്. അതേസമയം നാലുപേരുടെ നില തൃപ്തികരമാണ്. ഹരിയാന സ്വദേശിയായ സുൽഫാൻ എന്ന വ്യക്തിയാണ് ആക്രമണം നടത്തിയത്. ഇയാളെ ക്ഷേത്രത്തിലെ ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറിയെന്ന് വിവരമുണ്ട്.
സുവർണ്ണ ക്ഷേത്രത്തിലെ കമ്മ്യൂണിറ്റി കിച്ചണ് സമീപമുള്ള ഗുരു രാം ദാസ് സെറായിയിലാണ് ആക്രമണം നടന്നത്. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്‌ജിപിസി) പറയുന്നതനുസരിച്ച്, സുൽഫാൻ ക്ഷേത്രപരിസരത്ത് സംശയാസ്പദമായി പെരുമാറുന്നത് ആദ്യം കണ്ടിരുന്നു. ജീവനക്കാർ അയാളെ ചോദ്യം ചെയ്തപ്പോൾ അവരുമായി ഇയാൾ തർക്കിച്ചിരുന്നു.
ശേഷം മടങ്ങി പോയ സുൽഫാൻ ഇരുമ്പ് വടിയുമായി തിരിച്ചെത്തി, തടയാൻ ശ്രമിച്ച എസ്‌ജിപിസി ജീവനക്കാരെയും ഭക്തരെയും ആക്രമിച്ചു. സുൽഫാൻ ഹരിയാനയിൽ നിന്നുള്ളയാളാണെന്നും സംഘർഷത്തിനിടെ പരിക്കേറ്റതായും കോട്‌വാലി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സർമേൽ സിംഗ് സ്ഥിരീകരിച്ചു. “ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്,”-സിംഗ് പറഞ്ഞു.