മുംബൈ: രണ്ടാം WPL കിരീടമാണ് രണ്ടാം ഫൈനലിന് ഇറങ്ങുന്ന മുംബൈയുടെ ലക്ഷ്യമെങ്കിൽ കഴിഞ്ഞ രണ്ടുതവണയും കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡൽഹി ഇന്നത്തെ ഫൈനൽ പോരാട്ടത്തിനിറങ്ങുന്നത്. രാത്രി എട്ടുമണിക്ക് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളിലെയും മലയാളി സാന്നിധ്യവും മറ്റൊരു ശ്രദ്ധാകേന്ദ്രമാണ്. മലയാളി താരങ്ങളായ മിന്നുമണി ഡൽഹിക്കായും സജന സജീവൻ മുംബൈക്കായും കളിക്കാനിറങ്ങും.
രണ്ടാം കിരീടം ലക്ഷ്യമിടുന്ന മുംബൈയുടെ ശക്തി ടീമിലെ വിദേശ താരങ്ങളുടെ ഓൾറൗണ്ട് മികവിലാണ്. വിൻഡീസ് താരം ഹെയ്‌ലി മാത്യൂസും ഇംഗ്ലീഷ് താരം നാറ്റ് സ്കിവർ ബ്രണ്ടും ആണ് ബാറ്റിങ്ങിലും ബൗളിങ്ങിലും പ്രതീക്ഷ പകരുന്നത്. WPL റൺവേട്ടയിൽ ഒൻപത് കളിയിൽനിന്നായി 493 റൺസെടുത്ത നാറ്റ് സ്കിവർ ഒന്നാമതാണ്. ഹെയ്‌ലി മാത്യൂസ് 304 റൺസും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 236 റൺസും നേടിയിട്ടുണ്ട്. ബൗളിങ്ങിലും മുംബൈ താരങ്ങൾ ആധിപത്യം പുലർത്തുന്നു. 17 വിക്കറ്റുമായി ഹെയ്‌ലി മാത്യൂസ് ഒന്നമതുണ്ട്. 16 വിക്കറ്റുകൾ നേടിയ അമേലിയ കെർ രണ്ടാമതാണ്. നാറ്റ് സ്കിവർ ഇതിനോടകം ഒൻപത് വിക്കറ്റു നേടി.
അതേസമയം മൂന്ന് സീസണുകളിലെയും ഫൈനൽ കളിച്ച ഒരേയൊരു ടീമാണ് ഡൽഹി. 2023 ൽ മുംബൈയോടും കഴിഞ്ഞ വർഷംറോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനോടുമായിരുന്നു ഫൈനലിലെ തോൽവികൾ. അന്തരാഷ്‌ട്ര ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കായി നിരവധി കിരീടങ്ങൾ നേടിയ മെഗ് ലാന്നിംഗാണ് ഡൽഹിയെ നയിക്കുന്നത്. ഇത്തവണ ഒന്നാം സ്ഥാനക്കാരായാണ് ഡൽഹി ഫൈനലിലെത്തിയത്. ഷെഫാലി വർമയുടേയും മെഗ് ലന്നിംഗിന്റെയും ബാറ്റിങ്ങാണ് ടീമിന്റെ കരുത്ത്. ബൗളിങ്ങിൽ 11 വിക്കറ്റ് നേടിയ ജെസ് ജൊനാസും ശിഖ പാണ്ഡേയും മികച്ച ഫോമിലാണ്. ജെമീമ റോഡ്രിഗസിൻെറയും മരിസാന കാപ്പിന്റെയും ഫോമില്ലായ്മയാണ് ഡൽഹിയുടെ ആശങ്ക.















