അമരാവതി: തമിഴ്നാട് സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ അതിരൂക്ഷ വിമർശനവുമായി NDA നേതാവും ജനസേന അദ്ധ്യക്ഷനുമായ ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് പണമുണ്ടാക്കാൻ മടിയില്ലാത്തവരാണ് ഹിന്ദി ഭാഷയെ എതിർക്കുന്നതെന്ന് പവൻ കല്യാൺ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ അഖണ്ഡത ഉറപ്പുവരുത്താൻ തമിഴ് ഉൾപ്പെടെ എല്ലാ ഭാഷകളും ആവശ്യമാണെന്നും പവൻ കല്യാൺ ഓർമിപ്പിച്ചു. ജനസേനാ പാർട്ടിയുടെ സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദി ഭാഷയെ തമിഴ്‌നാട് എതിർക്കുന്നു. അവർക്ക് ഹിന്ദി വേണ്ടാ എന്നാണെങ്കിൽ പിന്നെയെന്തിനാണ് തമിഴ് സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കുന്നത്? ബോളിവുഡിൽ നിന്ന് പണം ആഗ്രഹിക്കുന്ന അവർ ഹിന്ദി സ്വീകരിക്കാൻ തയ്യാറല്ല. എന്തു തരത്തിലുള്ള യുക്തിയാണിതെന്നും ജനസേനാ നേതാവ് ചോദിച്ചു.
ഹിന്ദി സംസാരിക്കുന്ന ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ സ്വാഗതം ചെയ്യുകയും എന്നാൽ ഹിന്ദി ഭാഷ നിരസിക്കുകയും ചെയ്യുന്നത് തമിഴ്‌നാടിന്റെ ഭാഗത്തുനിന്നുള്ള അന്യായമാണെന്നും പവൻ കല്യാൺ ചൂണ്ടിക്കാട്ടി. ഹരിയാന, യുപി, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ വരികയും ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നു. സർവേ പ്രകാരം ഇവരുടെ കണക്ക് 15-20 ലക്ഷത്തിനിടയിലാണ്.
ഉത്തർപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ് തുടങ്ങി ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് അവർക്ക് വരുമാനം വേണം, പക്ഷെ ഹിന്ദി വേണ്ട. ഇത് അന്യായമല്ലേ? അവർ ബിഹാറിൽ നിന്നുള്ള തൊഴിലാളികളെ സ്വാഗതം ചെയ്യുന്നു, എന്നാൽ അവരുടെ ഭാഷ നിരസിക്കുന്നു. എന്തുകൊണ്ടാണ് ഈ വൈരുദ്ധ്യം? ഈ മനോഭാവം മാറേണ്ടതല്ലേെയെന്നും അദ്ദേഹം ചോദിച്ചു.
ഡിഎംകെ സർക്കാരിന്റെ ഹിന്ദി വിദ്വേഷം വാർത്തകളിൽ ഇടംപിടിക്കുന്നതിനിടെയാണ് ആന്ധ്രാ ഉപമുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ബജറ്റ് ടീസർ പുറത്തിറക്കിയ തമിഴ്നാട് സർക്കാർ രൂപയുടെ ചിഹ്നം ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. രൂപയുടെ ദേശീയ ചിഹ്നം ബഹിഷ്കരിച്ച് പകരം ‘രു’ എന്ന പദം തമിഴിൽ എഴുതിയാണ് ഡിഎംകെ സർക്കാർ ബജറ്റ് ടീസർ പുറത്തിറക്കിയത്. രൂപയുടെ ദേശീയ ചിഹ്നമായ ‘₹’ തമിഴ്നാട്ടുകാരനാണ് രൂപകൽപ്പന ചെയ്തതെന്ന് വിസ്മരിച്ചാണ് ഡിഎംകെ സർക്കാരിന്റെ നടപടി. ഈ ചിഹ്നത്തിന് ഹിന്ദി അക്ഷരത്തിന്റെ സാമ്യം ഉണ്ടെന്നതാണ് ബഹിഷ്കരണത്തിന് കാരണമായി വിലയിരുത്തുന്നത്.















