പാരിസ്: ഡച്ച് ഫാഷൻ ബ്രാൻഡായ മെറാച്ചിയുടെ പ്രൊമോഷണൽ വീഡിയോക്കെതിരെ പ്രതിഷേധം ശക്തമാക്കി ഫ്രഞ്ച് രാഷ്‌ട്രീയ സാമൂഹിക നേതാക്കൾ. ഈഫൽ ടവറിനുമുകളിൽ ഹിജാബ് ധരിപ്പിച്ചിരിക്കുന്ന പരസ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. പരസ്യം അപകടകരവും ഫ്രഞ്ച് സാംസ്കാരിക മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് ആരോപണം ഉയർന്നു. ഫ്രഞ്ച്, ഇസ്ലാമിക ചിഹ്നങ്ങൾ ലയിപ്പിച്ചത്തിനെതിരെ നിരവധി പേർ രംഗത്തുവന്നു.
കമ്പനി പങ്കുവച്ച വീഡിയോയിൽ ഒരു ഹിജാബ് പറന്നുവന്ന് ഈഫൽ ടവറിന് ചുറ്റും പൊതിഞ്ഞിരിക്കുന്നു. “മെറാച്ചി ധരിച്ച ഈഫൽ ടവർ, മാഷല്ലാഹ്! അവൾ ഇപ്പോൾ എളിമയുള്ള ഫാഷൻ കമ്മ്യൂണിറ്റിയിൽ ചേർന്നതായി തോന്നുന്നു,” ഇതായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്.
View this post on Instagram
നാഷണൽ റാലി പാർട്ടിയിലെ ഫ്രഞ്ച് എംപിയായ ലിസെറ്റ് പോളറ്റ്, പരസ്യം കുറ്റകരമാണെന്നും ഫ്രാൻസിന്റെ “ജനാധിപത്യ മൂല്യങ്ങൾക്കും പൈതൃകത്തിനും” ഭീഷണിയാണെന്നും വിശേഷിപ്പിച്ചു. ഫ്രാൻസിന്റെ പ്രതീകമായ ഈഫൽ ടവറിനെ ഇസ്ലാമിക മൂടുപടം കൊണ്ട് മെറാച്ചി ബ്രാൻഡ് ഹൈജാക്ക് ചെയ്തുവെന്ന് അവർ ആരോപിച്ചു. സഹപ്രവർത്തകനായ ജെറോം ബ്യൂസൺ പരസ്യത്തെ “ഭയാനകമായ രാഷ്‌ട്രീയ പദ്ധതി” എന്നും “അസ്വീകാര്യമായ പ്രകോപനം” എന്നും വിശേഷിപ്പിച്ചു. അതേസമയം സിറ്റിസൺസ് പൊളിറ്റിക്കൽ മൂവ്‌മെന്റിന്റെ സഹസ്ഥാപകനും സാമ്പത്തിക വിദഗ്‌ദ്ധനുമായ ഫിലിപ്പ് മ്യൂറർ, ഫ്രാൻസിലെ മെറാച്ചിയുടെ സ്റ്റോറുകൾ അടച്ചുപൂട്ടണമെന്നും വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
2004-ൽ ഫ്രാൻസ് പൊതുവിദ്യാലയങ്ങളിൽ ഹിജാബ് ഉൾപ്പെടെയുള്ള മതചിഹ്നങ്ങൾ ധരിക്കുന്നത് നിരോധിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം, 2010-ൽ, മുഖംമൂടികൾ, ഹെൽമെറ്റുകൾ, ബുർഖ, നിഖാബ് പോലുള്ള ശരീരം മുഴുവൻ മൂടുന്ന മൂടുപടങ്ങൾ എന്നിവ പൊതുസ്ഥലങ്ങളിൽ നിരോധിക്കുന്ന ഒരു നിയമം പാസാക്കി. അടുത്തിടെ സർക്കാർ നടത്തുന്ന സ്കൂളുകളിൽ അബായകൾ (ചില മുസ്ലീം സ്ത്രീകൾ ധരിക്കുന്ന അയഞ്ഞ വസ്ത്രം) ഭരണകൂടം നിരോധിക്കുകയും ചെയ്തു.