ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് സൂപ്പർ താരം നെയ്മറെ ഒഴിവാക്കി ബ്രസീൽ ടീം. പരിക്കിനെ തുടർന്നാണ് കൊളംബിയയ്‌ക്കും അര്‍ജന്റീനയ്‌ക്കുമെതിരായ മത്സരങ്ങളിൽ നിന്നുള്ള ടീമിൽ നിന്ന് നെയ്മർ പുറത്തായത്. റയലിന്റെ യുവതാരം എന്‍ഡ്രിക്കിനെ ഉൾപ്പെടുത്തി. ആദ്യ സ്ക്വാഡിൽ ഉൾപ്പെടാതിരുന്ന താരമാണ് എൻഡ്രിക്ക്. മാര്‍ച്ച് 21ന് കൊളംബിയക്കെതിരെയും 25ന് അര്‍ജന്റീനയ്‌ക്കെതിരെയും ബ്രസീൽ കളത്തിലിറങ്ങും. ദേശീയ ടീമിൽ നിന്ന് ഒരുവർഷത്തിലേറെയായി നെയ്മർ പുറത്താണ്. കരിയറിലെ വലിയൊരു കാലഘട്ടം തന്നെ നെയ്മറിന് പരിക്കുമൂലം നഷ്ടപ്പെടുകയാണ്.
അല്‍ ഹിലാലില്‍ നിന്ന് സാന്റോസ് ക്ലബിലെത്തിയ നെയ്മര്‍ മിന്നും ഫോമിലായിരുന്നു. കാൽമുട്ടിനും കണങ്കാലിനും പതിവായി പരിക്കേൽക്കുന്ന താരമാണ് നെയ്മർ. 2023ല്‍ 220 മില്യണ്‍ ഡോളറിന് രണ്ട് വര്‍ഷ കരാറിലാണ് പി എസ് ജിയില്‍ നിന്ന് നെയ്മർ അല്‍ ഹിലാലിലേക്ക് കൂടുമാറിയത്. ഇവിടെ ഏഴ് മത്സരങ്ങളില്‍ മാത്രമാണ് താരം ബൂട്ടണിഞ്ഞത്. ഒരു ഗോളാണ് നേടിയത്. രണ്ടാഴ്ച മുമ്പ് 14 മാസത്തിനിടെ ആദ്യമായി 33 കാരനായ നെയ്മർ ഗോൾ നേടിയിരുന്നു.
2023 ഒക്ടോബറില്‍ ഉറുഗ്വായിക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് നെയ്മറിന് കാല്‍മുട്ടിന് പരിക്കേറ്റത്. ഇതോടെ ഏറെക്കാലം കളത്തിൽ നിന്ന് പുറത്തായിരുന്നു നെയ്മർ. അതേസമയം വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ, റോഡ്രിഗോ തുടങ്ങിയ പ്രധാന താരങ്ങളെയെല്ലാം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.