മന്ത്രി മുഹമ്മദ് റിയാസിനെ തുറന്ന കത്തുമായി എബിവിപി മുൻ ദേശീയ സെക്രട്ടറി ഒ. നിധീഷ്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും SFI അപ്രത്യക്ഷമായത് പോലെ കേരളത്തിലും ഇല്ലാതാകണം. അത് കേവലം ഇതരരാഷ്‌ട്രീയ നേതാക്കന്മാരുടെ സ്വപ്നം മാത്രമല്ല, പ്രതീക്ഷ പേറുന്ന സമൂഹത്തിന്റെ മുന്നോട്ടുപോക്കിനുള്ള ആവശ്യകതയും കൂടിയാണ്. എസ്എഫ്ഐ കേരളത്തിൽ നടത്തുന്നത് അക്രമങ്ങളും ലഹരി കച്ചവടവുമാണെന്ന യാഥാർത്ഥ്യം മന്ത്രി മനസിലാക്കണമെന്നും നിതീഷ് വ്യക്തമാക്കി.
ബഹുമാനപ്പെട്ട മന്ത്രി ശ്രീ മുഹമ്മദ് റിയാസിന് ഒരു തുറന്ന കത്ത്…
മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും SFI അപ്രത്യക്ഷമായത് പോലെ കേരളത്തിലും ഇല്ലാതാകണം. അത് കേവലം ഇതരരാഷ്‌ട്രീയ നേതാക്കന്മാരുടെ സ്വപ്നം മാത്രമല്ല, പ്രതീക്ഷ പേറുന്ന സമൂഹത്തിന്റെ മുന്നോട്ടുപോക്കിനുള്ള ആവശ്യകതയും കൂടിയാണ്. കേരളത്തിലെ കലാലയങ്ങൾ SFI മലിനമാക്കിയത് പോലെ മറ്റാര്‍ക്കും മലിനമാക്കാൻ സാധിച്ചിട്ടില്ല. കേരളത്തിലെ കലാലയങ്ങളെ അക്രമത്തിന്‍റെ പാതയിലേക്ക് നയിച്ചത് SFI ആണ് എന്നത് ചരിത്ര വസ്തുതയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ SFI ഇതര സംഘടനകൾ എല്ലാം വിദ്യാർത്ഥി സംഘടന പ്രവർത്തനം ചെയ്യുമ്പോൾ കേരളത്തിൽ കാണുന്നതുപോലുള്ള അക്രമ സംഭവങ്ങൾ എങ്ങും റിപ്പോർട്ട് ചെയ്യുന്നില്ല എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.
കേരളം രൂപീകൃതമായതിനു ശേഷം മാറി മാറി അധികാരത്തിൽ വന്ന ഇടതു സർക്കാരുകളുടെ അധികാര ഹുങ്ക് ഉപയോഗിച്ച് വിദ്യാർത്ഥി സംഘടന പ്രവർത്തനം നടത്തുകയും പാർട്ടി പ്രതിപക്ഷത്തിരിക്കുമ്പോൾ അക്രമത്തില്‍ അധിഷ്ഠതമായ സമരങ്ങൾ നടത്തുകയും ചെയ്യുന്ന SFIയെയാണ് നാളിതുവരെ നമ്മൾ കണ്ടിട്ടുള്ളത്. നടത്തിയ സമരങ്ങൾ ഒക്കെയും പരിശോധിക്കുമ്പോൾ കേരളത്തിന്റെ മുന്നോട്ട് പോക്കിനല്ല അത് സഹായകരമായത് എന്നും നമുക്ക് മനസ്സിലാക്കാം. കഴിഞ്ഞ 9 വർഷക്കാലമായി SFIയുടെ പേര് കൂട്ടി വായിക്കപ്പെടുന്നത് റാഗിംഗ് കേസിലെ പ്രതികളുടെയും മയക്കുമരുന്ന് കേസിലെ പ്രതികളുടെയും പീഡനക്കേസ് പ്രതികളുടെയും പേരിനൊപ്പമാണ്. അധികാരത്തിന്റെ തണൽ ഉപയോഗിച്ച് അധ്യാപകരെ നിയന്ത്രിക്കുകയും തങ്ങൾക്ക് ഇഷ്ടമുള്ളവരെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുകയും തങ്ങൾക്ക് വഴങ്ങാത്തവരുടെ കസേര കത്തിക്കുകയുമാണ് കേരള വിദ്യാഭ്യാസ മേഖലയിൽ എസ്എഫ്ഐ ചെയ്തിട്ടുള്ളത്. അതിന്റെയൊക്കെ പരിണിതഫലമാണ് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന ഇന്നത്തെ കലാലയങ്ങൾ. ടി.പി ശ്രീനിവാസന്റെ ചെകിട്ടത്തടിച്ചത് ഇന്നും കേരള മനസാക്ഷിയുടെ ഉണങ്ങാത്ത മുറിവാണ്. വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്ന കാലാനുസൃതമായ എല്ലാ പരിഷ്കാരങ്ങളെയും എതിർത്തിട്ടുള്ളത് SFI ആണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖല കാലാനുസൃതമായി പരിഷ്കരിച്ച് മുന്നോട്ടുപോകാൻ എല്ലാ അർത്ഥത്തിലും സജ്ജമാകുമ്പോൾ അതിന് വിലങ്ങ് തടിയാകുന്നത് താങ്കളടക്കമുള്ള SFI നേതൃത്വമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിൽ നടപ്പിലാക്കാത്ത ദേശീയ വിദ്യാഭ്യാസ നയം. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാത്തതുമൂലം കേരളത്തിലെ വിദ്യാഭ്യാസ വികസനത്തിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്. അതോടൊപ്പം തന്നെ പരിഷ്കരിക്കപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായവും അത് നല്‍കുന്ന അനന്തമായ സാധ്യതകളും വിദ്യാർത്ഥി – യുവജനങ്ങൾക്ക് നഷ്ടമാകുന്നു. ഇത് SFIക്കും ഇടതുപക്ഷത്തിനും മനസ്സിലാകാന്‍ മുന്‍പ് അവർ നടത്തിയതും പില്‍ക്കാലത്ത് അവര്‍ തന്നെ തള്ളിപ്പറഞ്ഞതുമായ അനാവശ്യ സമരങ്ങളെ (സ്വകാര്യ സർവ്വകലാശാല – കമ്പ്യൂട്ടർ വിരുദ്ധ സമരം etc) പോലെ വർഷങ്ങൾ കഴിയും.
സാമൂഹിക മൂല്യങ്ങൾ തകർത്തെറിയാൻ ഇടതുപക്ഷം നടത്തിയ ശ്രമങ്ങളും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. അതിന്‍റെ പരിണിത ഫലം കൂടിയാണ് മയക്കുമരുന്നിന്‍റെ പിടിയിൽ അകപ്പെട്ട കേരള യുവത്വം.
മാതൃ സങ്കൽപ്പങ്ങളെ തള്ളിപ്പറഞ്ഞപ്പോഴും സരസ്വതി ദേവിയെ വിവസ്ത്ര ആക്കിയപ്പോളും പ്രിൻസിപ്പലിന്‍റെ കസേര കത്തിച്ചപ്പോഴും അധ്യാപകരെ മര്‍ദ്ദിച്ചപ്പോഴും പമ്പയുടെ ആഴങ്ങളില്‍ വിദ്യാര്‍ത്ഥികളെ മുക്കിക്കൊന്നപ്പോഴും നഷ്ടപ്പെട്ടത് കേരളത്തിന്റെ സാമൂഹിക മൂല്യങ്ങളാണ് എന്നതും ചിന്തോദ്ദീപകമാണ്.
ചുംബന സമരക്കാർക്ക് ഓശാന പാടാൻ മുന്നില്‍ നിന്ന SFIയും ഇടതുപക്ഷവും അന്ന് ചിന്തിച്ചിരുന്നില്ല അതിന്റെ അവസാന കണ്ണികള്‍ എത്തി നിൽക്കുന്നത് മയക്ക് മരുന്ന് സെക്സ് മാഫിയകളുടെ അടുത്താണ് എന്ന സത്യം.
ചെയ്തുപോയ തെറ്റുകള്‍ക്ക് കേരള ജനതയോട് മാപ്പ് പറയാതെ സമ്മേളനം നടത്തി അധികാരത്തിന്‍റെ സുഖലോലുപതയില്‍ മുഴുകാനും സാമൂഹിക വിരുദ്ധരായ മാഫിയകളുടെ പങ്ക് പറ്റാനുമാണ് ഇന്നും SFI യും അവരെ നയിക്കുന്ന CPM ഉം ശ്രമിക്കുന്നത് എന്നത് തികച്ചും ലജ്ജാകരമാണ്.
ഇന്ത്യൻ രാഷ്‌ട്രീയ പരിസരത്ത് നിന്നും CPM ഉം , ഇന്ത്യന്‍ കലാലയ വിദ്യാർഥികൾക്ക് കേട്ടറിവ് പോലുമില്ലാത്ത വിധത്തിൽ SFIയും ഈ മഹാരാജ്യത്തില്‍ മാറിയതുപോലെ കേരളത്തിലും കാലം എസ്എഫ്ഐക്കും സിപിഐഎമ്മിനും കരുതിവെച്ചിരിക്കുന്നത് ചവറ്റുകുട്ടയിലേക്കുളള ദൂരം മാത്രമാണ്.
മിസ്റ്റർ മന്ത്രീ….,
കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ മുന്നിൽ വന്ന് വാചക കസർത്ത് കാണിക്കുകയല്ല വേണ്ടത്, പകരം താങ്കൾ പ്രവർത്തിച്ച വിദ്യാർത്ഥി സംഘടനക്കും യുവജന പ്രസ്ഥാനത്തിനും തെറ്റുപറ്റിയെന്ന് വിളിച്ചു പറയാനുള്ള ചങ്കൂറ്റമാണ് വേണ്ടത് എന്ന ഓർമ്മപ്പെടുത്തലോടുകൂടി നിർത്തുന്നു..