മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് സിനിമ എമ്പുരാൻ പ്രേക്ഷകരിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം. റിലീസിന് മുന്നോടിയായി താരങ്ങൾ പങ്കുവക്കുന്ന അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. എമ്പുരാന്റെ റിലീസ് വിവരങ്ങൾ പങ്കുവച്ചുകാെണ്ട് പുതിയ പോസ്റ്ററുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.
റിലീസിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ പുറത്തിറങ്ങിയ പോസ്റ്ററിന് താഴെ അഭിപ്രായങ്ങളുമായി ആരാധകരും എത്തിയിട്ടുണ്ട്. ആദ്യ ഭാഗമായ ലൂസിഫറിലെ കഥാപാത്രത്തിന്റെ അതേ വേഷത്തിലാണ് മോഹൻലാൽ പോസ്റ്ററിലുള്ളത്. വെള്ള മുണ്ടും ഷർട്ടും ധരിച്ച് തന്റെ അനുയായികളെ നോക്കിനിൽക്കുന്ന സ്റ്റീഫനെ പോസ്റ്ററിൽ കാണാം.
മാർച്ച് 27-ന് രാവിലെ ആറ് മണിക്കാണ് ആദ്യ ഷോ ആരംഭിക്കുന്നതെന്ന് പോസ്റ്റർ പങ്കുവച്ചുകൊണ്ട് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് എമ്പുരാൻ എത്തുന്നത്. കഴിഞ്ഞ ദിവസമാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് എമ്പുരാന്റെ നിർമാണം. ബോളിവുഡ്, ഹോളിവുഡ് സിനിമാ മേഖലയിൽ നിന്നും നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.















