കൊല്ലം: 14-കാരിയെ ലൈംഗികമായി അതിക്രമിച്ച മധ്യവയസ്കൻ പോക്സോ കേസിൽ അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴ ഏഴംകുളം സ്വദേശി സുരേഷ് കുമാർ (59) ആണ് അറസ്റ്റിലായത്. അഞ്ചൽ കോളേജ് ജംഗ്ഷനിൽ ഫോട്ടോസ്റ്റാറ്റ് കട നടത്തി വരികയായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസം ഫോട്ടോസ്റ്റാറ്റ് എടുക്കാൻ വന്ന പതിനാലുകാരിക്ക് നേരെ ഇയാൾ കടയ്‌ക്കുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി കരഞ്ഞുകൊണ്ട് സ്കൂളിലെത്തി സ്കൂൾ അധികൃതരെ വിവരം അറിയിച്ചു. പിന്നാലെ സ്കൂൾ അധികൃതർ അഞ്ചൽ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു.