ന്യൂഡൽഹി: വിമർശനങ്ങൾ ജനാധിപത്യത്തിന്റെ ആത്മാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “ഞാൻ മുൻഗണന നൽകുന്നത് രാജ്യതാത്പര്യങ്ങൾക്കാണ്. ജീവിതത്തെ ക്ഷമയോടെ നേരിടണമെന്നാണ് യുവാക്കളോട് പറയാനുള്ളത്. ആർഎസ്എസിൽ നിന്നും ജീവിതത്തിന്റെ സത്തയും മൂല്യങ്ങളും പഠിച്ചു. രാജ്യമാണ് എനിക്കെല്ലാം”. രാജ്യമാണ് തന്റെ ഹൈക്കമാൻഡെന്നും പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കൻ പോഡ്ക്കാസ്റ്റർ ലെക്സ് ഫ്രിഡ്മാനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്കാളിത്തത്തെ കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ പങ്കാളിത്തമില്ലാതെ എഐ സാങ്കേതികവിദ്യ അപൂർണമാണ്. പ്രഗത്ഭരായ യുവാക്കളുടെ കഴിവുറ്റ ശ്രമം കൂടിയാണ് എഐയുടെ കടന്നുവരവിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ പ്രധാനമന്ത്രിയായപ്പോൾ, പാകിസ്താനിലെ നേതാക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിരുന്നു. എന്നാൽ ഫലമുണ്ടായില്ല. പാകിസ്താൻ അവരുടെ വീഴ്ചകളിൽ നിന്ന് പാഠം പഠിക്കും. അവർ സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുമെന്നും ഞങ്ങൾ ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ട്. പാകിസ്താനിലെ ജനങ്ങൾ പോലും സമാധാനത്തിനായി കൊതിക്കുന്നു. കാരണം അവർ സംഘർഷവും കലാപവും അനുഭവിച്ച് ജീവിതം മടുത്തിരിക്കുകയാണ്”- പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിന്റെ പോരാളിയാണെന്നാണ് ലെക്സ് ഫ്രിഡ്മാൻ വിശേഷിപ്പിച്ചത്. ലോകം കണ്ടതിൽ വച്ച് ഏറ്റവും ആകർഷണമായ വ്യക്തിത്വമാണ് അദ്ദേഹമെന്നും ഫ്രിഡ്മാൻ എക്സിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.
2018 മുതൽ പോഡ്‌കാസ്റ്റിന്റെ അറിയപ്പെടുന്ന അവതാരകനാണ് ലെക്സ് ഫ്രിഡ്മാൻ. സാങ്കേതികവിദ്യ, ശാസ്ത്രം, രാഷ്‌ട്രീയം മുതലായവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഫ്രിഡ്മാൻ ഉന്നത എക്സിക്യൂട്ടീവുകളുമായും പ്രധാന വ്യവസായികളുമായും വിവിധ രാജ്യങ്ങളിലെ നേതാക്കളുമായും അഭിമുഖം നടത്താറുണ്ട്.















