ഭോപ്പാൽ: വിവാഹത്തിന് ശേഷം മറ്റൊരാളുമായി അശ്ലീല സംഭാഷണത്തിലേർപ്പെടുന്നത് ന്യായീകരിക്കാനാകില്ലെന്നും ഒരു ഭാര്യക്കും/ഭർത്താവിനും ഇത് സഹിക്കാൻ കഴിയില്ലെന്നും കോടതിയുടെ നിരീക്ഷണം. വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവ് ശരിവച്ചായിരുന്നു മധ്യപ്രദേശ് ഹൈക്കോടതിയുടെ പരാമർശം. ഭാര്യ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു.
പുരുഷനെതിരായ ക്രൂരതയെന്ന് കണക്കാക്കിയാണ് കുടുംബകോടതി വിവാഹമോചനം അനുവദിച്ചത്. ഈ വിധിയെ ജസ്റ്റിസ് വിവേക് റൂസിയ, ജസ്റ്റിസ് ഗജേന്ദ്ര സിംഗ് എന്നിവരുടെ ബെഞ്ച് ശരിവച്ചു. ഭാര്യ മറ്റൊരാളുമായി അശ്ലീല സംഭാഷണത്തിൽ ഏർപ്പെടുന്നത് ഒരു ഭർത്താവിനും സഹിക്കാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. എതിർപ്പ് അവഗണിച്ച് അതേ പ്രവൃത്തി പങ്കാളി തുടരുകയാണെങ്കിൽ അത് മാനസികമായ ക്രൂരതയായി കണക്കാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
2018ലായിരുന്നു ഇവർ വിവാഹിതരായത്. ഭാര്യ അവളുടെ പഴയ ആൺസുഹൃത്തുക്കളുമായി വിവാഹശേഷം പതിവായി സംസാരിക്കുന്നുണ്ടെന്നും ഇവർ തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശം അശ്ലീലം നിറഞ്ഞതാണെന്നും ചൂണ്ടിക്കാട്ടിയ ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷിക്കുകയായിരുന്നു. എന്നാൽ താൻ അത്തരം അശ്ലീല സംഭാഷണങ്ങൾ നടത്തിയിട്ടില്ലെന്നും ഭർത്താവ് തന്റെ ഫോൺ ഹാക്ക് ചെയ്ത് അയാൾ തന്നെ മെസേജുകൾ അയച്ചതാണെന്നും ഭാര്യ വാദിച്ചു. തനിക്കെതിരെ തെളിവുകൾ ചമയ്‌ക്കാൻ വേണ്ടിയാണ് ഭർത്താവ് ഇതുചെയ്തത്. തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുകയായിരുന്നു ഭർത്താവ്. 25 ലക്ഷം രൂപ സ്ത്രീധനം വേണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടിരുന്നതായും യുവതി എതിർവാദം ഉയർത്തി.
എന്നാൽ ഭർത്താവിന്റെ വാദങ്ങൾ അംഗീകരിക്കുകയായിരുന്നു കോടതി. യുവതി ആൺസുഹൃത്തുക്കളുമായി സംസാരിക്കാറുണ്ടെന്ന് അവരുടെ പിതാവ് മൊഴി നൽകുകയും ചെയ്തതോടെ കുടുംബകോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. വിവാഹമോചനം നൽകുകയും ചെയ്തു.















