തിരുവനന്തപുരം: നരേന്ദ്രമോദിയെ അഭിനന്ദിക്കുന്ന തരൂരിന്റെ വാക്കുകളെ പ്രശംസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മോദിയുടെ നയതന്ത്രവിജയത്തെ തിരിച്ചറിഞ്ഞ തരൂർ മറ്റ് കോൺഗ്രസ് നേതാക്കളെ പോലെയല്ലെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നരേന്ദ്രമോദി സ്വീകരിച്ച നയം ശരിയാണെന്നും മോദിയുടെ നിലപാടിനെ എതിർത്തത് അബദ്ധമായെന്നുമായിരുന്നു തരൂരിന്റെ വാക്കുകൾ. ഇതിന് പിന്നാലെയാണ് തരൂരിനെ പ്രശംസിച്ച് കെ. സുരേന്ദ്രൻ എക്സിൽ കുറിപ്പ് പങ്കുവച്ചത്.
ആദ്യത്തെ അഭിപ്രായം തെറ്റായെന്ന് ബോധ്യപ്പെട്ടപ്പോൾ അത് തിരുത്തിയ തരൂരിന്റെ നിലപാട് അഭിനന്ദനാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. സുരേന്ദ്രൻ എക്സിൽ പങ്കുവച്ച കുറിപ്പിങ്ങനെ..
പ്രിയ ശശി തരൂർ ജി, നിങ്ങളുടെ ആർജ്ജവത്തെ എന്നും ബഹുമാനിച്ചിരുന്നയാളാണ് ഞാൻ. ‘ആദ്യം എതിർത്തിരുന്നു’ എന്ന് പറഞ്ഞുകൊണ്ട് മോദിയുടെ നയതന്ത്ര വിജയത്തെ ഇപ്പോൾ അഭിനന്ദിക്കുന്ന നിങ്ങളുടെ വാക്കുകളിലെ സത്യസന്ധത പ്രശംസനീയമാണ്. കോൺഗ്രസിലെ നിങ്ങളുടെ സഹപ്രവർത്തകരെ പോലെയല്ല നിങ്ങൾ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ ഇന്ത്യ ആഗോളതലത്തിൽ വളരുന്നത് നിങ്ങൾ കാണുന്നുണ്ട്. വളരെയധികം സ്വീകാര്യമാണത്.. !!
ലോകസമാധാനം സ്ഥാപിക്കുന്നതിൽ ഇന്ത്യ മുന്നോട്ടുവെക്കുന്ന നിലപാടിനെക്കുറിച്ചും റഷ്യക്കും യുക്രെയ്നും ഒരേസമയം സ്വീകാര്യനായ പ്രധാനമന്ത്രിയാണ് ഭാരതത്തിനുള്ളതെന്ന് കോൺഗ്രസ് നേതാവായ ശശി തരൂർ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദ്യം എതിർത്തത് അബദ്ധമായെന്നായിരുന്നു തരൂരിന്റെ വാക്കുകൾ യുക്രെയ്ൻ-റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി സ്വീകരിച്ചത് ശരിയായ നയമാണെന്നും രണ്ടുരാജ്യങ്ങളുമായും നല്ല ബന്ധം നിലനിർത്താൻ മോദിക്ക് കഴിഞ്ഞെന്നും തരൂർ പറഞ്ഞു. ഡൽഹിയിലെ റായ്സിന ഡയലോഗിൽ സംസാരിക്കുന്നതിനിടെയായിരുന്നു തരൂരിന്റെ പരാമർശം.
കെ സുരേന്ദ്രന്റെ പ്രശംസയ്‌ക്ക് പിന്നാലെ തരൂരിനെതിരെ കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. കോൺഗ്രസ് പാർട്ടിക്ക് വ്യക്തമായ നയവും നിലപാടുമുണ്ട്. അതിനെതിരെ പ്രവർത്തിക്കുന്നവരെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കരുതെന്ന് ഉണ്ണിത്താൻ പറഞ്ഞു. മോദിയെ പുകഴ്‌ത്തൽ ഒരു കോൺഗ്രസ് നേതാവിന് ഉചിതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ഒരു ഭാരതീയൻ എന്ന നിലയിലാണ് താൻ സംസാരിച്ചതെന്നും തന്റെ പ്രസ്താവന രാഷ്‌ട്രീയ പ്രേരിതമല്ലെന്നും വിമർശനങ്ങളോട് തരൂർ പ്രതികരിച്ചു.















