ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മോദി സ്വീകരിച്ച നിലപാട് ശരിവച്ച തരൂർ ഒരേസമയം റഷ്യയ്ക്കും യുക്രെയ്നും സ്വീകാര്യനായ പ്രധാനമന്ത്രിയാണ് ഇന്ത്യക്കുള്ളതെന്ന് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശരിയായ ഇടപെടലുകൾ കാരണം ഭാരതം ലോകസമാധാനം സ്ഥാപിക്കാൻ സാധിക്കുന്ന രാജ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന റെയ്‌സിന ഡയലോഗിൽ നടന്ന ഒരു സംവാദ സെഷനിലായിരുന്നു തിരുവനന്തപുരം എംപിയുടെ പരാമർശങ്ങൾ.
2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്ൻ യുദ്ധ സമയത്ത് കേന്ദ്രം സ്വീകരിച്ച നയത്തെ എതിർത്തവരിൽ ഒരാളായിരുന്നു താനും. എന്നാൽ മൂന്ന് വർഷങ്ങൾക്കിപ്പുറം അത് തെറ്റായിപ്പോയെന്ന് മനസിലാക്കുന്നു. കാരണം രണ്ടാഴ്ച ഇടവേളയിൽ റഷ്യയുടെയും യുക്രെയ്‌ന്റെയും പ്രസിഡന്റുമാരെ കെട്ടിപ്പിടിക്കാനും രണ്ടിടത്തും അംഗീകരിക്കപ്പെടാനും കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയ്‌ക്കുണ്ടെന്ന് ആ നയം തെളിയിച്ചു. മോദി സ്വീകരിച്ച നയം കാരണം, ശാശ്വത സമാധാനത്തിനായി ഒരു മാറ്റം വരുത്താൻ കഴിയുന്ന അവസ്ഥയിലാണ് ഇന്ന് ഭാരതം, തരൂർ പറഞ്ഞു.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടയിൽ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനവും അദ്ദേഹം ശരിവച്ചു. യൂറോപ്പിൽ നിന്നുള്ള അകലം ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഇന്ത്യയ്‌ക്ക് ഗുണം ചെയ്തുവെന്ന് തരൂർ പറഞ്ഞു. പ്രതിപക്ഷത്തായതിനാൽ സർക്കാരിനുവേണ്ടി സംസാരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ തരൂർ, ആവശ്യമെങ്കിൽ റഷ്യയും ഉക്രെയ്നും തമ്മിൽ ഒരു യോജിപ്പുള്ള സമാധാനം ഉണ്ടായാൽ, സമാധാന സേനാംഗങ്ങളെ അയയ്‌ക്കുന്നത് പരിഗണിക്കാൻ ഇന്ത്യയുടെ ഭാഗത്ത് നിന്ന് സന്നദ്ധത ഉണ്ടാകുമെന്നും പറഞ്ഞു.















