അഞ്ച് ഐപിഎൽ ടീമുകൾക്കും പുതിയ ക്യാപ്റ്റന്മാരുമായാണ് ഇത്തവണത്തെ സീസൺ ആരംഭിക്കുന്നത്. കഴിഞ്ഞ തവണ കെകെആറിനായി കിരീടമുയർത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഇത്തവണ പഞ്ചാബ് കിങ്സിനെ നയിക്കും. ഋഷഭ് പന്ത് ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റൻസി ഏറ്റെടുക്കും. ധോണിയും കോലിയും രോഹിത്തും നായകസ്ഥാനങ്ങളിൽ ഇല്ലാത്ത രണ്ടാം ഐപിഎൽ സീസൺ കൂടിയാണ് വരാനിരിക്കുന്നത്. യുവതാരങ്ങൾ നായകനിരയിലേക്ക് എത്തുമ്പോൾ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങളും വിജയങ്ങളും സ്വന്തം പേരിലാക്കിയ നായകന്മാരെ പരിചയപ്പെടാം
എംഎസ് ധോണി
ഏറ്റവും കൂടുതൽ ഐപിഎൽ വിജയങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ചെന്നൈ സൂപ്പർ കിങ്‌സ് മുൻ ക്യാപ്റ്റൻ എം എസ് ധോണിക്കാണ്. 2008 മുതൽ 2024 വരെ സിഎസ്കെയുടെ നായകസ്ഥാനത്തുണ്ടായിരുന്ന ധോണി അഞ്ച് ഐപിഎൽ കിരീടങ്ങളാണ് നേടിയത്.
രോഹിത് ശർമ്മ
മുംബൈ ഇന്ത്യൻസിനായി 87 വിജയങ്ങൾ നേടിയിട്ടുള്ള രോഹിത് ശർമയും അഞ്ച് കിരീടങ്ങൾ നേടിയിട്ടുണ്ട്. 2013 ൽ ക്യാപ്റ്റനായ ശേഷം 2013, 2015, 2017, 2019, 2020 വർഷങ്ങളിലായിരുന്നു മുംബൈയുടെ അഞ്ച് ഐപിഎൽ കിരീട വിജയങ്ങൾ.
ഗൗതം ഗംഭീർ
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും നയിച്ച ഗൗതം ഗംഭീർ കെകെആറിനായി രണ്ട് ഐപിഎൽ കിരീടങ്ങൾ നേടി. 71 വിജയങ്ങളുമായി തന്റെ ഐപിഎൽ ക്യാപ്റ്റൻസി കരിയർ പൂർത്തിയാക്കിയ ഗംഭീർ 2024 ൽ മെന്ററായി കെകെആറിലേക്ക് മടങ്ങി.
വിരാട് കോലി
2013 മുതൽ 2021 വരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നയിച്ച വിരാട് കോലിക്ക് കാര്യമായ നേട്ടങ്ങൾ എടുത്തുപറയാനില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 143 മത്സരങ്ങളിൽ നിന്ന് 66 വിജയങ്ങൾ മാത്രമേ ആർസിബിക്ക് നേടാനായുള്ളൂ. ഇക്കാലയളവിൽ ഒരു തവണ മാത്രം ഫൈനലിലെത്തിയിട്ടുള്ള ടീമിന് ഇതുവരെ ഐപിഎൽ കിരീടം നേടാനായിട്ടില്ല.
ഡേവിഡ് വാർണർ
ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് (SRH), ഡൽഹി ക്യാപിറ്റൽസ് (DC) എന്നീ ടീമുകളുടെ ക്യാപ്റ്റനായിരുന്നു ഡേവിഡ് വാർണർ. 2016 ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചു. ഐപിഎല്ലിൽ വാർണർ ക്യാപ്റ്റനെന്ന നിലയിൽ 40 വിജയങ്ങൾ നേടി.















