കഴിഞ്ഞ രണ്ട് മാസമായി അമേരിക്കയിൽ മുട്ട ക്ഷാമം അതിരൂക്ഷമായ നിലയിലാണ്. നാസ വിടുന്ന റോക്കറ്റിനേക്കാൾ സ്പീഡിൽ മുട്ടവില ഉയരുമ്പോൾ പിടിച്ചുനിർത്താൻ പാടുപെടുന്ന അമേരിക്ക സൗഹൃദരാജ്യങ്ങളുടെ വാതിലുകൾ മുട്ടാനും തുടങ്ങി. ഫിൻലാൻഡിനും ഡെന്മാർക്കിനും ശേഷം ഏറ്റവുമൊടുവിൽ ലിത്വാനിയയെ സമീപിച്ചിരിക്കുകയാണ് US എന്നാണ് റിപ്പോർട്ട്.
ഡാനിഷ് മാഗസീൻ അഗ്രിവാച്ച് പറയുന്നതുപ്രകാരം, അമേരിക്ക നേരത്തെ ഫിൻലാൻഡ്, ഡെന്മാർക്ക്, സ്വീഡൻ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളെ സമീപിച്ചിരുന്നു. മുട്ട തരാൻ ഒരുക്കമല്ലെന്ന് ഇക്കൂട്ടത്തിൽ ഫിൻലാൻഡ് മറുപടി നൽകിയത് വലിയ വിവാദവുമായി. ഈ സാഹചര്യത്തിലാണ് മുട്ട കയറ്റുമതിക്ക് താത്പര്യം പ്രകടിപ്പിച്ച് ലിത്വാനിയ എന്ന കൊച്ചു യൂറോപ്യൻ രാജ്യം എത്തിയത്. ലിത്വാനിയൻ പോൾട്രി അസോസിയേഷൻ തലവനായ ഹൈറ്റിസ് കൗസോനസ് പറയുന്നത് പ്രകാരം വാഴ്സോയിലുള്ള യുഎസ് എംബസി മുട്ട കയറ്റുമതി സംബന്ധിച്ച ചർച്ചകൾ ലിത്വാനിയൻ കമ്പനികളുമായി നടത്തി. അമേരിക്ക ചോദിച്ച കാര്യങ്ങൾക്കുള്ള വിശദാംശങ്ങൾ ലിത്വാനിയ നൽകിക്കഴിഞ്ഞു, ഇതുവരെയും അമേരിക്ക മറുപടി നൽകിയിട്ടില്ലെന്നും ഹൈറ്റിസ് കൗസോനസ് പറഞ്ഞു.
യുഎസിൽ പാവപ്പെട്ടവന്റെ ബ്രേക്ക്ഫാസ്റ്റായിരുന്നു മുട്ട. എന്നാലിന്ന് മുട്ടകൊണ്ടുള്ള വിഭവം അമേരിക്കയിൽ ലക്ഷ്വറിയാണെന്നതാണ് അവസ്ഥ. ഏതാണ്ട് രണ്ടുവർഷം മുൻപ് രാജ്യത്ത് പിടിപെട്ട പക്ഷിപ്പനിയാണ് ഇന്ന് അമേരിക്ക നേരിടുന്ന മുട്ടക്ഷാമത്തിലേക്ക് എത്തിച്ചത്. ദശലക്ഷക്കണക്കിന് കോഴികളെ കൊന്നൊടുക്കിയതോടെ രാജ്യത്ത് കോഴിമുട്ട കിട്ടാക്കനിയാവുകയായിരുന്നു. അതിർത്തികളിൽ സ്വർണക്കടത്തും ലഹരിക്കടത്തും നടക്കുന്നതുപോലെ മുട്ടക്കടത്ത് പോലും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടാൻ തുടങ്ങി.
മുട്ട ചോദിച്ച് പല രാജ്യങ്ങളെയും സമീപിച്ച യുഎസ് നിലവിൽ ലിത്വാനിയ എന്ന കൊച്ചുരാജ്യത്തെ കൂടി സമീപിച്ചുവെന്ന റിപ്പോർട്ടുകൾ വന്നതോടെ റെഡ്ഡിറ്റിൽ യുഎസിനെ ട്രോളി നിരവധി കമന്റുകളും ഉയരുന്നുണ്ട്. ഇത്രവലിയ ഭീമന്മാരായിട്ടും മുട്ടക്ഷാമം സ്വയം പരിഹരിക്കാൻ അമേരിക്കയ്ക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന ചോദ്യമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. “വമ്പൻ രാജ്യമാണ്, പക്ഷെ താങ്ങാവുന്ന വിലയിൽ കോഴിമുട്ട കിട്ടാനില്ല”- എന്നാണ് റെഡ്ഡിറ്റിൽ ഒരാൾ കമന്റ് ചെയ്തത്.















