ഐപിഎല്ലിന്റെ 18-ാം പതിപ്പിന് കാഹളം മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളു. ആർ.സി.ബി നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുന്നത്. വലിയൊരു ഉടച്ചുവാർക്കലിന് ശേഷമാണ് ആർ.സി.ബി 18-ാം സീസണ് ഒരുങ്ങുന്നത്. മുൻ സീസണുകളെ അപേക്ഷിച്ച് ഏറെക്കുറെ സന്തുലിതമായ ടീമാണ് ഇത്തവണത്തേത്. സാമന്യം മോശമല്ലാത്ത ബൗളിംഗ് ലൈനപ്പ് ഇക്കുറി ആർ.സി.ബിക്ക് അവകാശപ്പെടാനുണ്ട്. സ്ക്വാഡിൽ എതിരാളികൾ ശ്രദ്ധിക്കേണ്ടത് ആരൊക്കെയാണെന്ന് ഒന്ന് നോക്കാം.
യഷ് ദയാൽ, റിങ്കു സിംഗ് ഒരിക്കൽ തല്ലി ഇല്ലാതാക്കിയിട്ടും, ഇടംകൈയൻ ബൗളർ വലിയൊരു തിരിച്ചുവരവ് നടത്തി. പോയ സീസണിൽ നേടിയത് 15 വിക്കറ്റ്. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ ധോണിയുടെ വിക്കറ്റെടുത്ത് ആർ.സി.ബിക്ക് പ്ലേഓഫിലേക്ക് വഴിതുറന്നു. ഇതുവരെ 28 വിക്കറ്റാണ് നേടിയത്. അച്ചടക്കത്തോടെ പന്തെറിഞ്ഞാൽ ആർ.സി.ബി ബൗളിംഗിന് കരുത്തു പകരും ദയാൽ.
പഴയ പടക്കുതിരയായ ഭുവനേശ്വർ, വേഗം കുറവെങ്കിലും പന്തിനെ ഏത് ദിശയിലേക്കും സ്വിംഗ് ചെയ്യിക്കാൻ കഴിവുളള ബൗളർ. പഴയ പ്രതാപം ഇല്ലെങ്കിലും പലപ്പോഴും ടീമുകൾ ആശ്രയിക്കാവുന്ന താരമാണ് ഭുവനേശ്വർ ഇപ്പോഴും. ഐപിഎല്ലിൽ വിക്കറ്റ് വേട്ടക്കാരിൽ നാലാം സ്ഥാനം. 181 വിക്കറ്റുകൾ നേടി.
ഫിൽ സാൾട്ട്, നിലവിലെ ഫോം ആശങ്കയാണെങ്കിലും ഫോമിലായാൽ ആർ.സി.ബിയുടെ റണ്ണൊഴുക്കിന്റെ വേഗത കൂട്ടാൻ കെൽപ്പുള്ള താരം. കൊൽക്കത്തയെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക ശക്തിയായി. 12 മത്സരങ്ങളിൽ നിന്ന് അടിച്ചെടുത്തത് 435 റൺസ്. 189 ആണ് സ്ട്രൈക്ക് റേറ്റ്.
ക്യാപ്റ്റനാകുന്ന രജത് പാട്ടിദാർ. 2022 ടീമിലെത്തിയ പാട്ടിദാറിനെ മാനേജ്മെന്റ് ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. അടിച്ചുതകർക്കാൻ കഴിയുന്ന മദ്ധ്യനിര ബാറ്ററുടെ ഫോം ഏറെ നിർണായകം. നങ്കൂരമിട്ട് കളിക്കാനും കഴിവുള്ള താരമാണ് പാട്ടിദാർ
കിംഗ് കോലിയാണ് ആർ.സി.ബിയുടെ റൺ മെഷീൻ. ഇതുവരെ നേടിയത് 8004 റൺസ്. ലീഗിലെ ഏറ്റവും വലിയ റൺവേട്ടക്കാരൻ. 2016 വെറും 16 മത്സരങ്ങളിൽ നിന്ന് നേടിയത് 973 റൺസ്. ഇത് ചരിത്ര റെക്കോർഡുമായി. അന്താരാഷ്‌ട്ര ടി20യിൽ നിന്ന് വിരമിച്ചെങ്കിലും ഏകദിനത്തിലെ ഫോം ഐപിഎല്ലിലും തുടർന്നാൽ ആർസിബി കുതിക്കും.
ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗിലെ വെടിക്കെട്ട് പ്രകടനമാണ് ജേക്കബ് ബെതലിനെ പ്രശസ്തനാക്കിയത്. ഇടം കൈയൻ ബാറ്ററും വിശ്വിക്കാനാവുന്ന സ്പിന്നറുമാണ് താരം. തിളങ്ങിയാൽ ബാറ്ററായ ജേക്കബിനെ പിടിച്ചുകെട്ടാൻ എതിരാളികൾ ഒന്ന് വിയർക്കും.