“ഇത് വളരെ കഷ്ടമാണ്…..” മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാനാകാതെ ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ പ്രതികരണം ഇതായിരുന്നു.
കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ സന്ദർശിക്കാൻ ഡൽഹിയിലേക്ക് പോവുകയാണെന്ന് പറഞ്ഞുകൊണ്ട് യാത്രതിരിച്ച വീണാ ജോർജിനോട് അപ്പോയിന്റ്മെന്റ് എടുത്തത് എപ്പോഴാണെന്ന് മാദ്ധ്യമങ്ങൾ ചോദിച്ചതായിരുന്നു മന്ത്രിയെ പ്രകോപിപ്പിച്ചത്. ജെപി നദ്ദയെ കാണാൻ കഴിയാതെ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴായിരുന്നു വീണാ ജോർജിനോട് മാദ്ധ്യമങ്ങൾ ചോദ്യമുന്നയിച്ചത്.
ആശമാരുടെ പ്രശ്നം പരിഹരിക്കാൻ കേന്ദ്രമാണ് കനിയേണ്ടതെന്നും കേന്ദ്രസർക്കാർ ഇൻസെന്റീവ് വർദ്ധിപ്പിച്ചാൽ സംസ്ഥാനവും തങ്ങളുടെ വിഹിതം ഉയർത്താമെന്നാണ് എൽഡിഎഫ് നയമെന്നിരിക്കെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് സംസാരിക്കാൻ പോവുകയാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞത്.
ആശമാരുമായുള്ള ചർച്ച പരാജയമായതിന്റെ പിറ്റേന്ന് പുലർച്ചെ തന്നെ ഡൽഹിക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി തിരിച്ച് കേരളത്തിലെത്തിയത് ക്യൂബൻ സംഘവുമായി കൂടിക്കാഴ്ച നടത്തിയിട്ടായിരുന്നു. നദ്ദയെ കാണാൻ എന്തുകൊണ്ട് സാധിച്ചില്ല എന്ന ചോദ്യം ഉയർന്നപ്പോൾ അപ്പോയിൻമെന്റ് ലഭിച്ചില്ലെന്നതായിരുന്നു ഉത്തരം. അങ്ങനെയെങ്കിൽ പാർലമെന്റ് സമ്മേളനം നടക്കുന്ന തിരക്കേറിയ ഈ സമയത്ത് കേന്ദ്രമന്ത്രിയെ കാണുകയാണ് ലക്ഷ്യമെന്നിരിക്കെ അപ്പോയിൻമെന്റിന് ശ്രമിച്ചത് എപ്പോഴാണെന്നായി മാദ്ധ്യമങ്ങളുടെ ചോദ്യം. ഇതോടെയാണ് മന്ത്രി വീണാ ജോർജ് ഉരുണ്ടുകളി ആരംഭിച്ചത്. കേന്ദ്രമന്ത്രിയെ കാണണമെങ്കിൽ അപ്പോയിൻമെന്റ് ലഭിക്കണമെന്നത് സ്വാഭാവിക നടപടിക്രമമായിട്ടും വീണാ ജോർജ് അതിന് അപേക്ഷ സമർപ്പിച്ചത് എപ്പോഴാണെന്നത് നിലവിലെ സാഹചര്യത്തിൽ പ്രസക്തമായതുകൊണ്ടായിരുന്നു മാദ്ധ്യമങ്ങളുടെ ചോദ്യം.
കേന്ദ്രമന്ത്രിയെ കാണാൻ പോകുന്നു, ശ്രമിക്കുന്നു, അനുമതി കിട്ടാത്തതിനാൽ മടങ്ങിവരുന്നു. എന്നാൽ കൃത്യമായി ഒരു അപ്പോയിൻമെന്റ് പോലും എടുക്കാതെ കേന്ദ്ര ഇടപെടലിന് വേണ്ടി സംസ്ഥാനം ശ്രമിച്ചുവെന്ന നരേറ്റീവ് സൃഷ്ടിക്കാൻ മന്ത്രി വീണാ ജോർജ് ശ്രമിക്കുന്നുവെന്ന വിമർശനം നിലനിൽക്കെ ഇക്കാര്യം ചോദ്യം ചെയ്തതോടെ മാദ്ധ്യമങ്ങളോട് തട്ടിക്കയറുകയായിരുന്നു അവർ. അപ്പോയിൻമെന്റ് ലഭിക്കാൻ എന്നാണ് അപേക്ഷ സമർപ്പിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തമായ മറുപടി ആരോഗ്യമന്ത്രി നൽകിയിട്ടില്ല. “വളരെ കഷ്ടമാണ്” എന്ന് പ്രതികരിച്ച മന്ത്രി മാദ്ധ്യമങ്ങളെ ആവർത്തിച്ച് പഴിച്ചു.
മാദ്ധ്യമങ്ങളുടെ ഊഹാപോഹങ്ങൾക്ക് മറുപടി നൽകാനില്ലെന്ന് പറഞ്ഞ വീണാ ജോർജ്, ആശാ സമരവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയെ കാണുന്നത് തെറ്റാണോയെന്നും ചോദിച്ചു. ഓണറേറിയം വർദ്ധിപ്പിക്കുമെന്നത് എൽഡിഎഫ് പ്രകടനപത്രികയിൽ തന്നെയുള്ളതാണ്. കാലോചിതമായി ഇത് നടപ്പാക്കുമെന്ന് പറഞ്ഞ മന്ത്രി പ്രകടനപത്രികയും ഉയർത്തിക്കാട്ടി. മാദ്ധ്യമങ്ങളോട് എല്ലാം പറയാൻ താൻ ബാധ്യസ്ഥയല്ല. തനിക്ക് കാര്യങ്ങൾ പറയാൻ ഫെയ്സ്ബുക്ക് പേജുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.