നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈ സീസണിലും ആധിപത്യം തുടരാനുള്ള ഒരുക്കത്തിലാണ്. നാലാം ഐപിഎൽ കിരീടം എന്ന ലക്ഷ്യത്തിനായി കെകെആർ അവരുടെ ക്യാപ്റ്റൻസിയിലടക്കം കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ശ്രേയസ് അയ്യർക്ക് പകരം അജിൻ ക്യാ രഹാനെയാണ് പുതിയ ക്യാപ്റ്റൻ.
രഹാനെയുടെ ശാന്തതയും അനുഭവ സമ്പത്തും ടീമിന് സ്ഥിരത നൽകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സീസണിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ചവരിൽ പ്രമുഖരെ ഇത്തവണയും നിലനിർത്തിയിട്ടുണ്ട്. സുനിൽ നരെയ്ൻ, ആന്ദ്രേ റസ്സൽ, മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി, പവർ ഹിറ്റർമാരായ റിങ്കു സിംഗ്, രമൺദീപ് സിംഗ്, പേസർ ഹർഷിത് റാണ എന്നിവരെയാണ് നിലനിർത്തിയത്.
ഡൈനാമിക് ഓൾറൗണ്ടർമാർ: സുനിൽ നരെയ്‌നും ആന്ദ്രേ റസലും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മാച്ച് വിന്നർമാരാണ്. ഇവർ ടീമിന് ബാലൻസിങ്ങും ആക്രമണോത്സുകതയും നൽകുന്നു.
ഡബിൾ സ്പിൻ ആക്രമണം: നരെയ്‌നും വരുൺ ചക്രവർത്തിയും ചേർന്നുള്ള സ്പിൻ ആക്രമണം ശക്തമായ മേൽക്കൈ ടീമിന് നൽകും കളിയുടെ ഏത് ഘട്ടത്തിലും വിക്കറ്റ് വീഴ്‌ത്തി ജയപ്രതീക്ഷ നൽകാൻ ഇരുവർക്കും കഴിയും.
ഹാർഡ്-ഹിറ്റിങ് ഫിനിഷർമാർ: റസലും റിങ്കു സിങ്ങും വാലറ്റത്തിന്റെ ആക്രമണങ്ങൾക്ക് ശക്തമായ പഞ്ച് നൽകും. ഡെത്ത് ഓവറുകളിൽ വേഗത്തിൽ റൺസ് നേടാൻ അവർക്ക് കഴിയും.
ശക്തമായ മുന്നേറ്റ നിര: അജിൻക്യ രഹാനെയും ക്വിന്റൺ ഡി കോക്കും ഓപ്പണിങ്ങിൽ അനുഭവ സമ്പത്തും സ്ഥിരതയും കൊണ്ടുവരും. ആവശ്യമുള്ളപ്പോൾ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും സ്കോറിന് ത്വരിതപ്പെടുത്താനും ഇവർക്ക് കഴിയും.
എന്നാൽ ആൻറിച്ച് നോർട്ട്ജെയുടെ സാന്നിധ്യമുണ്ടായിരുന്നിട്ടും പേസ് ആക്രമണത്തിൽ മൊത്തത്തിൽ പരിചയക്കുറവുണ്ട്. ഹർഷിത് റാണ താരതമ്യേന പുതിയ ആളാണ്. പരിക്കേറ്റ ഉമ്രാൻ മാലിക്കിന്റെ അഭാവം കെകെആറിനെ ചേതൻ സക്കറിയയെയും സ്‌പെൻസർ ജോൺസൺ, വൈഭവ് അറോറ തുടങ്ങിയ യുവ പേസർമാരെയും ആശ്രയിക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്.