ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ കഴിഞ്ഞ ദിവസം തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ രൂക്ഷമായ വെടിവയ്പിൽ ഏഴുവയസുള്ള പെൺകുട്ടിക്ക് പരിക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില തൃപ്തികരമാണ്. വെടിവയ്പ്പിനിടെ ഭീകരർ ഒളിസ്ഥലങ്ങളിൽ നിന്നും രക്ഷപ്പെട്ടതായാണ് സൂചന. രാത്രിയിൽ നിർത്തിവച്ചിരുന്ന തെരച്ചിൽ രാവിലെ പുനരാരംഭിക്കുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
പ്രദേശത്ത് ഒന്നിലധികം ആയുധധാരികളായ തീവ്രവാദികളെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സിആർപിഎഫിന്റെ ദ്രുത പ്രതികരണ സേനയും പൊലീസുമാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നീട സിആർപിഎഫിന്റെയും സൈന്യത്തിന്റെയും കൂടുതൽ സേനകൾ സ്ഥലത്ത് വിന്യസിച്ചു.
ഹിരാനഗർ സെക്ടറിലെ അന്താരാഷ്‌ട്ര അതിർത്തിക്കടുത്തുള്ള സന്യാൽ ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചപ്പോഴാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വനമേഖലയിലെ ഏറ്റുമുട്ടൽ കണക്കിലെടുത്ത് ഹിരാനഗറിലെ അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വൻതോതിൽ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, കൂടുതൽ തീവ്രവാദികൾ സംഘങ്ങളായി നുഴഞ്ഞുകയറാൻ ശ്രമിച്ചേക്കാമെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങൾ സൂചന നൽകിയതിനെത്തുടർന്ന് ജമ്മുവിലെ പാകിസ്ഥാൻ അതിർത്തിയിൽ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) അതീവ ജാഗ്രതയിലാണ്. ഫോർവേഡ് പോസ്റ്റുകളിലും സുരക്ഷാ വർദ്ധിപ്പിച്ചിട്ടുണ്ട്.