അബുദാബി: സസ്യാഹാര ഇഫ്താർ വിരുന്നൊരുക്കി അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം. ഭരണകർത്താക്കൾ, വിവിധ മത നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർഉൾപ്പെടെയുളളവർ ഇഫ്താർ വിരുന്നിലും സാംസ്കാരിക സായാഹ്നത്തിലും പങ്കെടുത്തു.
മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും പരസ്പര ബഹുമാനത്തിന്റെയും സന്ദേശമുയർത്തിയാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ അങ്കണത്തിൽ ഇഫ്താർ വിരുന്നൊരുക്കിയത്. യുഎഇ സഹിഷ്ണുതകാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, വിവിധ മത നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ ഉൾപ്പെടെയുള്ളവർ ഇഫ്താർ വിരുന്നിലും ഓംസിയത്ത് എന്ന പേരിൽ നടന്ന സാസ്കാരിക സായാഹ്നത്തിലും പങ്കെടുത്തു.
ഇന്ത്യൻ, അറബിക് പാചകരീതികൾ സംയോജിപ്പിച്ച സസ്യാഹാര വിരുന്നായിരുന്നു ഇഫ്താറിൽ ഒരുക്കിയിരുന്നത്. ക്ഷേത്ര തലവൻ സ്വാമി ബ്രഹ്മവിഹാരിദാസ് ചടങ്ങിന് നേതൃത്വം നൽകി. യുഎഇ നേതാക്കളുടെയും മന്ത്രിമാരുടെയും പിന്തുണയ്‌ക്കും സ്നേഹത്തിനും ബ്രഹ്മവിഹാരിദാസ് നന്ദി അറിയിച്ചു. കഴിഞ്ഞ വർഷവും ക്ഷേത്രത്തിൽ റമദാൻ ഇഫ്താർ സംഗമവും സാംസ്കാരിക സായാഹ്നവും സംഘടിപ്പിച്ചിരുന്നു.













