ഹൈദരാബാദ്: ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്ന ട്രെയിനിൽ നിന്നും ചാടി യുവതി. തെലങ്കാനയിലാണ് സംഭവം. സെക്കന്തരബാദിൽ നിന്ന് മേഡചലിലേക്കുള്ള എംഎംടിഎസ് ട്രെയിനിലാണ് യുവതി യാത്ര ചെയ്തത്. വനിത കോച്ചിൽ ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്.
മാർച്ച് 22-ന് വൈകുന്നേരമായിരുന്നു അപകടം. അൽവാൾ റെയിൽവേ സ്റ്റേഷനിൽ രണ്ട് യാത്രക്കാർ ഇറങ്ങിയതോടെയാണ് യുവതി തനിച്ചായത്. തുടർന്ന് 25-കാരൻ യുവതിയുടെ കംപാർട്ട്മെന്റിലേക്ക് കയറുകയും യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഭയന്നോടിയ യുവതി സ്വയരക്ഷാർത്ഥം ട്രെയിനിൽ നിന്നും ചാടുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. യുവതിയുടെ തലയ്‌ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. യുവതി പ്രതിയെ കുറിച്ചുള്ള അടയാളങ്ങൾ പൊലീസിന് നൽകിയിട്ടുണ്ട്. യുവാവിനെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.