കത്വ: ജമ്മുകശ്മീരിലെ കത്വയിലെ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കി സുരക്ഷാ സേന. പരിശോധനയ്‌ക്കിടെ ഭീകരർ വീണ്ടും സേനയ്‌ക്ക് നേരെ വെടിയുതിർത്തു. നിലവിൽ സൈന്യം ഭീകരർ ഒളിച്ചിരിക്കുന്ന വനപ്രദേശം വളഞ്ഞതായി ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി ഇവർക്കായി തെരച്ചിൽ നടന്നുവരികയായിരുന്നു.
ആയുധങ്ങളുമായി അഞ്ച് ഭീകരർ വനമേഖലയിലുണ്ടെന്നാണ് വിവരം. ഇവർ നേരത്തെ പ്രദേശവാസികളായ ആളുകളെ ബന്ദികളാക്കി ഗ്രാമത്തിൽ ഒളിക്കാൻ ശ്രമിച്ചിരുന്നു. ഭീകരരുടെ പക്കൽ വൻ ആയുധശേഖരമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തടുർന്ന് പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡ്രോൺ ഉൾപ്പെടയുള്ളവ ഉപയോഗിച്ച് വനപ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. ഹിരാനഗർ സെക്ടറിലെ അന്താരാഷ്‌ട്ര അതിർത്തിക്കടുത്തുള്ള സന്യാൽ ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചത്.















