റായ്‌പൂർ: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളിൽ ഒരാൾ സർക്കാർ 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മോവോയ്‌സ്‌റ്റിന്റെ ഉന്നത കമാൻഡറും. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിൽ രാവിലെ എട്ട് മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായത്.
ഏറ്റുമുട്ടലിനു ശേഷമുള്ള തിരച്ചിലിനിടെ, ടോപ്പ് കമാൻഡർ സുധീർ ഉൾപ്പെടെ മൂന്ന് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.സ്ഥലത്ത് നിന്ന് ഒരു ഇൻസാസ് റൈഫിൾ, 303 റൈഫിൾ, 12 ബോർ റൈഫിൾ, മറ്റ് സ്ഫോടകവസ്തുക്കൾ എന്നിവയും സുരക്ഷാ സേന കണ്ടെടുത്തു.
കൊല്ലപ്പെട്ടവരിൽ ഒരാൾ തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ താമസിക്കുന്ന ഡി.കെ.എസ്.ഇസഡ്.സി.എം (ദണ്ഡകർണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി അംഗം) സുധീർ എന്നും സുധാകർ എന്നും പേരുള്ള മുരളി എന്ന മാവോയിസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞു. മറ്റ് രണ്ട് മാവോയിസ്റ്റുകളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.