മോഹൻലാലും ശോഭനയും പ്രധാനവേഷത്തിലെത്തുന്ന തുടരും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 90-കളിലെ പഴയ മോഹൻലാലിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിലേക്ക് കോരിയിടുന്ന ഉഗ്രൻ ട്രെയിലറാണ് എത്തിയത്. മലയാളത്തിന്റെ എവർഗ്രീൻ കോംമ്പോയുടെ മാസ്മരികം പ്രകടനം തന്നെയാണ് ട്രെയിലറിൽ കാണാനാവുക. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.
സ്പ്ലെൻഡർ ബൈക്കുമായി പഴയ ലുക്കിൽ സാധാരണക്കാരനായാണ് മോഹൻലാൽ എത്തുന്നത്. ഒരു ടാക്സിയുമായി പ്രേക്ഷകരെ കൈയ്യിലെടുക്കാൻ എത്തുകയാണ് ടാക്സി ഡ്രൈവർ ഷൺമുഖം. മോഹൻലാലിന്റെ ഭാര്യ ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്. സസ്പെൻസ് ബാക്കിവച്ചാണ് ട്രെയിലർ അവസാനിക്കുന്നത്.
20 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. മുഴുനീള കോമഡി എന്റർടൈൻമെന്റ് സിനിമയായാണ് തുടരും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കാൻ എത്തുന്നത്. ദൃശ്യത്തിന് ശേഷം സാധാരണക്കാരന്റെ വേഷത്തിലെത്തി കസറാനൊരുങ്ങുന്ന മോഹൻലാലിന്റെ പ്രകടനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ.
ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ അഭിനന്ദനപ്രവാഹമാണ്. “പഴയ ലാലേട്ടനെ മലയാളികൾക്ക് തിരിച്ചുകിട്ടി, ചിരിക്കാനുള്ള വകയുമായി ലാലേട്ടൻ എത്തുന്നു, ഫീൽഗുഡ് പടം എന്നതിലുപരി മറ്റെന്തോ ഒളിഞ്ഞിരിപ്പുണ്ട്, പണ്ടത്തെ ലാലേട്ടൻ ഇത്രയും നാൾ മലയാളികൾ കാത്തിരിക്കുകയായിരുന്നു” എന്നിങ്ങനെയാണ് കമന്റുകൾ. എമ്പുരാനുമായി താരതമ്യം ചെയ്തും ചിലർ അഭിപ്രായങ്ങൾ പങ്കുവക്കുന്നുണ്ട്.















