ചിരവൈരികളായ ബ്രസീലിനെ 4-1ന് തകർത്ത് ഫിഫ ലോകകപ്പിന് യോഗ്യത നേടി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. അർജന്റീനയിലെ എസ്റ്റാഡിയോ മാസ് മോണുമെന്റലിൽ നടന്ന മത്സരത്തിൽ മെസ്സിയില്ലാതെയിറങ്ങിയ ടീം ബ്രസീലിനെ നിഷ്പ്രയാസം തോല്പിച്ച് ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങളുടെ 14-ാം റൗണ്ടിൽ ആധിപത്യം പുലർത്തി. ഉറുഗ്വേയും ബൊളീവിയയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെയാണ് അർജന്റീന അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിൽ സ്ഥാനം ഉറപ്പിച്ചത്.
അർജന്റീനയ്‌ക്കായി ജൂലിൻ അവാരെസ് 3′, എൻസോ ഫെർണാണ്ടസ് 12′, അലക്‌സിസ് മാക് അലിസ്റ്റർ 36′, ജിയുലിയാനോ സിമിയോൺ 70′ എന്നിവർ ഗോളുകൾ നേടി. ബ്രസീലിനായി മാത്യൂസ് കുൻഹ 25′ ആണ് ഏക ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യ നാല് മിനിറ്റിനുള്ളിൽ തന്നെ അർജന്റീന ലീഡ് നേടി ഗോൾവേട്ടയ്‌ക്ക് തുടക്കമിട്ടതോടെ മത്സരത്തിന്റെ പൂർണ്ണ നിയന്ത്രണം ലോകചാമ്പ്യന്മാരിലായിരുന്നു.
സഹ ആതിഥേയരായ കാനഡ, മെക്സിക്കോ, യുഎസ്എ, ഇറാൻ, ജപ്പാൻ, ന്യൂസിലൻഡ് എന്നിവർക്ക് ശേഷം 2026 ലോകകപ്പിന്റെ ഫൈനലിൽ ഇടം നേടുന്ന ഏഴാമത്തെ രാജ്യമായി അർജന്റീന മാറി. അതേസമയം ലോകകപ്പ് യോഗ്യതയ്‌ക്കായി ബ്രസീലിന് ഇനിയും കാത്തിരിക്കേണ്ടി വരും.















